മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലുണ്ടായ കാറപകടത്തിൽ യുവതിയടക്കം മൂന്നുപേർ മരിച്ചു. ഇതിലൊരാൾ കുട്ടിയാണ്. ഗുരുതരമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാൽഘറിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. അമിതവേഗത്തിൽ പാഞ്ഞെത്തിയ റെനോൾട്ടിന്റെ ഡസ്റ്റർ കാർ ഒരു സ്റ്റേഷണറി സാധനങ്ങൾ വഹിച്ചിരുന്ന കണ്ടെയ്നർ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ പൂർണമായി തകർന്ന് തരിപ്പണമായി.
ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് വന്നവരാണ് അപകടത്തിൽപെട്ടത്. ഗുരുതരമായ അപകടത്തിന് പിന്നാലെ മൂന്നുപേർ തത്ക്ഷണം മരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും രക്ഷാപ്രവർത്തകരും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. അപകടത്തിൽപ്പെട്ടവരുടെ വ്യക്തിവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടില്ല. പ്രാഥമിക നിഗമനത്തിൽ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകട കാരണമായി വിലയിരുത്തുന്നത്. പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.















