കല്പറ്റ: പാൽ വാങ്ങാനായി വീടിന് സമീപത്തെ റോഡരികത്ത് നിൽക്കവേ അമിതവേഗത്തിലെത്തിയ ജീപ്പിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ദിൽഷാനയെ വാഹനം ഇടിച്ചതുകണ്ട അയൽവാസിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുല്‍ത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ഥിനിയാണ് മരിച്ച ദില്‍ഷാന. പാൽവാങ്ങാനായി റോഡരികത്തുനിന്ന പെൺകുട്ടിയെ അമിതവേഗത്തിലെത്തിയ ക്രൂയീസര്‍ ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികില്‍ ഇറക്കിയിട്ട വലിയ പൈപ്പില്‍ ഇടിച്ച് ശേഷം നിയന്ത്രണംവിട്ട് ദിൽഷാനയെ ഇടിച്ചത്.
പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ദിൽഷാനയുടെ മൃതദേഹം കമ്പളക്കാട് വീട്ടിൽ എത്തിച്ചിട്ടുണ്ട്. വീതികുറഞ്ഞ റോഡരികിൽ കൂട്ടിയിട്ട പൈപ്പുകളും അപകടത്തിന്റെ ആഘാതം വർധിപ്പിക്കാൻ ഇടയായെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധവും നടക്കുന്നുണ്ട്.