കാന്റ്ബറി: ഇംഗ്ലണ്ടുമായി അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ പരമ്പരയില്‍ കോലിക്ക് പകരക്കാരനായി നാലാം നമ്പറിൽ ആരിറങ്ങുമെന്ന ചോദ്യത്തിന് ബാറ്റുകൊണ്ട് ഉത്തരം നൽകി കരുൺ നായർ. ഇംഗ്ലണ്ട് ലയണ്‍സുമായുള്ള ആദ്യ ചതുര്‍ദിന പോരാട്ടത്തില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി ഡബിള്‍ സെഞ്ച്വറിയോടെ താരം മിന്നുന്ന ഫോമിലാണെന്ന് തെളിയിച്ചു. കരുണിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത എ ടീം കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്.
രണ്ടംദിനം ആദ്യത്തെ സെഷനില്‍ 110 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോല്‍ ഇന്ത്യന്‍ എ ടീം ഏഴു വിക്കറ്റിനു 494 റണ്‍സെന് ശക്തമായ നിലയിലാണ്. മൂന്നാമനായെത്തിയ കരുണ്‍ (204) ഡബിളുമായി ബാറ്റിങിലെ നെടുംതൂണായപ്പോള്‍ ധ്രുവ് ജുറേല്‍ (94), സര്‍ഫറാസ് ഖാന്‍ (92) എന്നിവരും ഗംഭീര ഇന്നിങ്‌സുകളുമായി തിളങ്ങി.
ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്ഥിരതയാര്‍ന്ന പ്രകടനങ്ങളെ തുടര്‍ന്നു നീണ്ട ഇടവേളയ്‌ക്കു ശേഷം കരുണിനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽ എടുത്തിരുന്നു.കടുപ്പമേറിയ ടെസ്റ്റ് പരമ്പരയ്‌ക്കു മുമ്പ് ഇംഗ്ലണ്ടിലെ പിച്ചില്‍ തന്റെ ബാറ്റിങ് ഫോം തെളിയിക്കാനും അതോടൊപ്പം പ്ലെയിങ് ഇലവനിലേക്കു അവകാശവാദമുന്നയിക്കാനും കരുണിനു ലഭിച്ച അവസരമായിരുന്നു ഇന്ത്യന്‍ എ ടീമിനൊപ്പമുള്ള പര്യടനം. ആദ്യ മല്‍സരത്തിലെ ഒന്നാമിന്നിങ്‌സില്‍ തന്നെ ഡബിള്‍ സെഞ്ച്വറിയോടെ ടീമിലെ സ്ഥാനം താരം ഉറപ്പിച്ചു.















