സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിനെ പാകിസ്ഥാൻ ആഗോളവേദിയിൽ വിമർശിച്ചതിന് തൊട്ടുപിന്നാലെ ആഞ്ഞടിച്ച് ഇന്ത്യ. പരാമർശം അനാവശ്യമാണെന്നും പാകിസ്താന്റെ അതിർത്തികടന്നുള്ള ഭീകരതയാണ് കരാർ നിർത്തിവെക്കാൻ കാരണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. സ്വന്തം തെറ്റ് തിരുത്താതെ ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി കീർത്തി വർധൻ സിംഗ് ആവശ്യപ്പെട്ടു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ താജിക്കിസ്ഥാനിൽ നടന്ന ഹിമാനികളെക്കുറിച്ചുള്ള യുഎൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി കീർത്തി വർധൻ സിംഗ്. ഭീകരവാദത്തിലൂടെ പാകിസ്ഥാൻ തന്നെയാണ് കരാർ ലംഘിച്ചതെന്നും അദ്ദേഹം പറഞ്ഞു.
“ഫോറത്തെ ദുരുപയോഗം ചെയ്യാനും ഫോറത്തിന്റെ പരിധിയിൽ വരാത്ത വിഷയങ്ങളിൽ അനാവശ്യമായ പരാമർശങ്ങൾ കൊണ്ടുവരാനുമുള്ള പാകിസ്ഥാന്റെ ശ്രമത്തിൽ ഞങ്ങൾ അമ്പരന്നുപോകുന്നു. അത്തരമൊരു ശ്രമത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദികൾ 26 സാധാരണക്കാരെ കൂട്ടക്കൊല ചെയ്തതിന് പിന്നാലെയാണ് ഇന്ത്യ 1960 ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചത്. എന്നാൽ ഇത് ജലത്തിന്റെ ആയുധവൽക്കരണമാണെന്നും ഇന്ത്യയുടെ നീക്കം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നായിരുന്നു ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവന.
ഇതിന് മറുപടി നൽകിയ കേന്ദ്രമന്ത്രി സിന്ധു നദീജല ഉടമ്പടി ഒപ്പുവച്ചതിനുശേഷം സാഹചര്യങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണെന്ന് ചൂണ്ടിക്കാട്ടി. ഈ മാറ്റങ്ങളിൽ സാങ്കേതിക പുരോഗതി, ജനസംഖ്യാപരമായ മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനം, അതിർത്തി കടന്നുള്ള ഭീകരത എന്നിവയുൾപ്പെടുന്നു. “പാകിസ്ഥാനിൽ നിന്നുള്ള നിരന്തരമായ അതിർത്തി കടന്നുള്ള ഭീകരത ഉടമ്പടിയിലെ വ്യവസ്ഥകൾക്കെതിരാണ്. കരാർ ലംഘിക്കുന്ന പാകിസ്ഥാൻ, കരാർ ലംഘനത്തിന്റെ ഉത്തരവാദിത്തം ഇന്ത്യയുടെ മേൽ ചുമത്തുന്നത് ഒഴിവാക്കണം,” അദ്ദേഹം പറഞ്ഞു.