തിരുവനന്തപുരം: പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനവും സംസ്ഥാന ടൂറിസവും തമ്മിൽ ബന്ധമുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനം സ്പോൻസർ ചെയ്തത് കേരള ടൂറിസമാണെന്നും മുഖ്യമന്ത്രിയുടെ മരുമകനായ മുഹമ്മദ് റിയാസാണ് ഇത് നടത്തുന്നതെന്നും ബിജെപി സുരേന്ദ്രൻ പറഞ്ഞു. ജനംടീവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക് ചാര ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനം ദുരൂഹമാണ്. കേരളത്തിലെ ടൂറിസത്തെ പിന്തുണച്ച് അവർ തന്നെ അവരുടെ യൂട്യൂബിൽ വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ ദൃശ്യങ്ങളിൽ നിന്ന് തന്നെ എല്ലാം വ്യക്തമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇവർ സന്ദർശിച്ചിട്ടുണ്ട്.
അർബൽ നക്സലുകളുടെയും രാജ്യദ്രോഹ ശക്തികളുടെയും കേന്ദ്രമാണ് കേരളം. ഇങ്ങനെയൊരാളെ തന്നെ എന്തുകൊണ്ട് സർക്കാർ തെരഞ്ഞെടുത്തെന്ന് വ്യക്തമാക്കണം. ഇതുപോലെയുള്ള രാജ്യദ്രോഹികളെ പ്രോത്സാഹിപ്പിക്കാൻ കേരളത്തിലെ മന്ത്രിമാർക്ക് താത്പര്യമുണ്ട്. ഇന്ത്യ തകർക്കുന്ന ശക്തികളെ പിന്തുണയ്‌ക്കാനാണ് അവർക്കിഷ്ടം. സർക്കാരോ ടൂറിസമോ ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഗൗരവതരമായ കാര്യമാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരള ടൂറിസത്തിന് പ്രൊമോഷൻ നൽകി കൊണ്ടാണ് കണ്ണുരെത്തിയതിന് ശേഷമുള്ള ജ്യോതി മൽഹോത്രയുടെ വീഡിയോ ആരംഭിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഗുരുതര ആരോപണവുമായി കെ സുരേന്ദ്രൻ രംഗത്തെത്തിയത്. “പാക്-ചാരയായ ജ്യോതി മൽഹോത്രയുടെ കണ്ണൂർ യാത്ര സ്പോൺസർ ചെയ്തത് കേരള ടൂറിസമാണ്. പിണറായി വിജയന്റെ മരുമകനാണ് ഇത് നടത്തുന്നത്. അവർ ആരെയാണ് കണ്ടത്? അവർ എവിടെ പോയി? യഥാർത്ഥ അജണ്ട എന്താണ്? പാക് ബന്ധമുള്ള ഒരു ചാരയ്‌ക്ക് കേരളം എന്തിനാണ് ചുവപ്പ് പരവതാനി വിരിക്കുന്നത്” സുരേന്ദ്രൻ എക്‌സിലെ തന്റെ പോസ്റ്റിൽ ചോദിക്കുന്നു.
വിവിധ സേനകളുടെ ട്രെയിനിംഗ് സെന്ററുകളുൾപ്പെടെയുള്ള കണ്ണൂർ ജില്ലയിൽ പാക് ചാര യാതൊരു തടസങ്ങളും ഇല്ലാതെ വന്നുപോയത് വളരെ ഗൗരവതരമായ വിഷയമാണെന്നാണ് ഉയരുന്ന വിമർശനം.















