ന്യൂഡൽഹി: ഭീകരവാദവും ചാരവൃത്തിയുമായി ബന്ധപ്പെട്ട കേസിൽ മണിക്കൂറുകൾ നീണ്ട പരിശോധന നടത്തി എൻഐഎ. എട്ട് സംസ്ഥാനങ്ങളിലായാണ് റെയ്ഡ് നടന്നത്. ഡൽഹി, മഹാരാഷ്‌ട്ര, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ ഛത്തീസ്ഗഢ്, അസം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു പരിശോധന. പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും എൻഐഎ പിടിച്ചെടുത്തു.
എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിലായി പത്ത് മണിക്കൂറിലധികം നീണ്ടുനിന്ന പരിശോധനയാണ് നടന്നത്. ഭീകരവാദം, പാകിസ്ഥാന് വേണ്ടി ചാരവൃത്തി എന്നിവയുമായി ബന്ധപ്പെട്ട് മെയ് 20-ന് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പാകിസ്ഥാൻ ഇന്റലിജൻസ് വിഭാഗവുമായി ബന്ധപ്പെട്ടു എന്ന് കണ്ടെത്തിയ ആളുകളുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു റെയ്ഡ്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ചാരവൃത്തിക്ക് പണം കൈമാറ്റം ചെയ്‌തതിന്റെ വിവരങ്ങളും എൻഐഎ കണ്ടെത്തി.
ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിച്ച് സോഷ്യൽമീഡിയയിലൂടെ പാകിസ്ഥാൻ ചാര സംഘടനയുമായി ആശയ വിനിമയം നടത്തിയവരെ സംബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ അന്വേഷണം നടത്തുന്നുണ്ട്















