വിജിലൻസ് കൈക്കൂലിക്കേസിൽ ഇഡി അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാറിനെ തൽക്കാലം അറസ്റ്റുചെയ്യില്ലെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. സർക്കാരിന്റെ മറുപടി രേഖപ്പെടുത്തിയ ഹൈക്കോടതി ശേഖർ കുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ജൂൺ 11 ലേക്ക് മാറ്റി.
മറുപടി നൽകാൻ കൂടുതൽ സമയംവേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്ന ഈ മാസം പതിനൊന്നു വരെ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യില്ലെന്നാണ് സർക്കാരിന്റെ ഉറപ്പ്. ഇടനിലക്കാർ മുഖേന വൻ തുക കൈക്കൂലി വാങ്ങി കേസ് ഒതുക്കിത്തീർക്കുന്നു എന്നാണ് കൊച്ചിയിലെ എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ് ഉദ്യോഗസ്ഥനെതിരായ ആരോപണം.
എന്നാൽ ഇ ഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ വിജിലൻസ് അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. അന്വേഷണം ആരംഭിച്ച് രണ്ട് ആഴ്ചയ്‌ക്ക് ശേഷവും ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞിട്ടില്ല.















