അന്തരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് താരം പോസ്റ്റിൽ വ്യക്തമാക്കി.
ഹെൻറിച്ച് ക്ലാസൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റ് :
“ഞാൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വിഷമം നിറഞ്ഞ ദിവസമാണ്. എന്റെയും കുടുംബത്തിന്റെയും ഭാവിക്ക് എന്താണ് ഉചിതമായത് എന്ന തീരുമാനിക്കാൻ ഏറെ നാളെടുത്തു. ഇനി കുടുംബത്തൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”
കഴിഞ്ഞ വർഷം ജനുവരിയിൽ, വൈറ്റ്-ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 32 കാരനായ ക്ലാസൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പ്രോട്ടീസിനായി 60 ഏകദിനങ്ങളും 58 ടി20കളും നാല് ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. ഈ വർഷം മാർച്ചിൽ ന്യൂസിലൻഡിനെതിരായ ഐസിസി ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിലായിരുന്നു താരം അവസാനമായി ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി കളിച്ചത്.















