പ്യോങ്യാങ്: ഉത്തര കൊറിയയിൽ നിന്നും കടത്തിക്കൊണ്ടു വന്ന മൊബൈൽ ഫോണിൽ ഭരണകൂട ഭീകരതയുടെ തെളിവുകൾ. ഏകാധിപതി കിം ജോൺ ഉൻ ജനങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ സെൻസർഷിപ്പിന്റെ വിശദാംശങ്ങളാണ് ബ്രിട്ടീഷ് മാദ്ധ്യമം പുറത്തുവിട്ടത്. കഴിഞ്ഞ വർഷമാണ് മൊബൈൽ ഫോൺ ബ്രിട്ടീഷ് മാദ്ധ്യമത്തിന് ലഭിച്ചത്. രാജ്യത്തെ എല്ലാ ഫോണുകളിലും ആൻഡ്രോയിഡിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഉപയോഗിക്കുന്നത്. പൗരന്മാരുടെ നീക്കങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനം ഫോണിൽ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പുറം ലോകത്ത് നിന്നുള്ള വിവരം ലഭിക്കാതിരിക്കാൻ മൊബൈൽ ഫോണിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. പകരം ക്വാങ്‌മിയോങ് എന്നറിയപ്പെടുന്ന പരിമിതമായ ഇൻട്രാനെറ്റ് സംവിധാനമാണുള്ളത്. ഇതിലൂടെ ഭരണകൂട നിയന്ത്രിതമായ വിവരങ്ങൾ മാത്രമാണ് ലഭിക്കുക. മാത്രമല്ല ഉത്തര കൊറിയയ്‌ക്ക് പുറത്തുള്ള വിവരങ്ങൾ ഇതിൽ ലഭ്യമല്ല.
ദക്ഷിണ കൊറിയയിലെ പ്രശസ്തമായ വാക്കുകൾ ഇതിൽ ടൈപ്പ് ചെയ്യാൻ സാധിക്കില്ല. ദക്ഷിണ കൊറിയയിൽ കാമുകന്മാരെ പരാമർശിക്കാൻ ഉപയോഗിക്കുന്ന ‘ഓപ്പ’ എന്ന വാക്ക് ടൈപ്പ് ചെയ്താൽ ‘സഖാവ്’ എന്ന് സ്വയം മാറ്റിയെഴുതും. ദക്ഷിണ കൊറിയ എന്ന ടൈപ്പ് ചെയ്യുമ്പോൾ ‘പപ്പറ്റ് സ്റ്റേറ്റ്’ എന്ന വാക്കാണ് തെളിയുന്നത്.
ഫോൺ ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും തനിയെ സ്ക്രീൻ ഷോട്ട് എടുക്കും. സ്ക്രീൻ ഷോട്ട് ഫോൾഡർ ഫോണിൽ കാണാമെങ്കിലും ഇതിലെ ഫോട്ടോകൾ അധികാരികൾക്ക് മാത്രമാണ്
കാണാൻ സാധിക്കുക.