ബിസിസിഐയെ അനുകരിച്ച് ആഭ്യന്തര ക്രിക്കറ്റിൽ മാറ്റം കൊണ്ടുവരാൻ പാകിസ്താന്റെ ശ്രമം. കേന്ദ്ര കരാർ ലഭിക്കുന്ന എല്ലാ രാജ്യാന്തര താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് പുതിയ നിബന്ധന. ഓരോ സീസണിലും ഒരു ടൂർണമെന്റിലെങ്കിലും കളിക്കണമെന്നാണ് നിർദേശം.
രാജ്യാന്തര മത്സരങ്ങൾ ഇല്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കുന്നത് നിർബന്ധമാക്കിയെന്ന് പിസിബി ചെയർമാൻ മെഹാസിൻ നഖ്വി വ്യക്തമാക്കുന്നു. ഇന്ത്യ ഏറെ നാളായി പിന്തുടുരുന്ന കാര്യമാണിത്. വിരാടും രോഹിത് ശർമയും ഉൾപ്പടെയുള്ളവർ രഞ്ജി കളിക്കാൻ എത്തിയിരുന്നു.ഇത് അനുകരിച്ചാണ് പാകിസ്താനും ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഗദ്ദാഫി സ്റ്റേഡിയത്തിൽ ചേർന്ന നിർണായക യോഗത്തിലാണ് നഖ്വി തീരുമാനം അറിയിച്ചത്. ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം ഉയർത്താനും പുതിയ പ്രതിഭകളെ പരിപോഷിപ്പിക്കാനുമാണ് ബോർഡിന്റെ പുതിയ നീക്കം. ആഭ്യന്തര ക്രിക്കറ്റിൽ പുതിയ പ്രതിഭകളെ കണ്ടെത്തി വളർത്തി ദേശീയ ടീമിന് ബാക്ക്അപ്പ് ഒരുക്കുകയാണ് ലക്ഷ്യം.















