തിരുവനന്തപുരം: ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസിൽ പ്രതിയായ ഐ.ബി ഉദ്യോഗസ്ഥൻ സുകാന്തിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിലെടുക്കുന്നത്. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പോലീസ് കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം സുകാന്തുമായി പേട്ട പോലീസ് തെളിവെടുപ്പ് നടത്തും.
ഉദ്യോഗസ്ഥയെ പീഡിപ്പിച്ച രാജസ്ഥാനിലും എറണാകുളത്തെ അപ്പാർട്ട്മെന്റിലും തിരുവനന്തപുരത്തെയും ചെന്നൈയിലെയും ഫ്ലാറ്റുകളിലും തെളിവെടുപ്പിനെത്തിക്കും. ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുക്കും. രണ്ടുമാസത്തോളം ഒളിവിലായിരുന്ന പ്രതി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
10വർഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്. ഐ.ബി ഉദ്യോഗസ്ഥയെ സുകാന്ത് മാനസികമായി പീഡിപ്പിക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറാൻ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവതിയിൽ നിന്നും സുകാന്ത് പല തവണ പണം കൈപ്പറ്റിയതിന്റെ ബാങ്കുമായി ബന്ധപ്പെട്ടത്തിന്റെ ഡിജിറ്റൽ തെളിവുകൾ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സുകാന്ത് പൊലീസിൽ കീഴടങ്ങിയത്.
ഫെബ്രുവരി 9ന് ഇരുവരും നടത്തിയ ചാറ്റിന്റെ വിശദാംശങ്ങളുംകേസിൽ നിർണായകമായി. ചാറ്റിൽ യുവതിയെ വേണ്ടെന്നു സുകാന്ത് പറഞ്ഞപ്പോൾ എനിക്ക് ഭൂമിയിൽ ജീവിക്കാൻ താത്പര്യമില്ലെന്ന് യുവതി മറുപടി നൽകി. നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാൻ പറ്റുള്ളൂവെന്ന് വീണ്ടും സുകാന്ത് പറയുന്നുണ്ട്. മറുപടിയായി അതിന് ഞാൻ എന്ത് ചെയ്യണമെന്ന യുവതിയുടെ ചോദ്യത്തിന് നീ പോയി ചാകണമെന്ന് സുകാന്ത് മറുപടി നൽകി. ഇതാണ് ആത്മഹത്യ ചെയ്യാനുള്ള പ്രേരണ ആയി പോലീസ് കണ്ടെത്തിയത്.















