ഇസ്ലാമബാദ്; പാകിസ്താനിലെ ജയിലിൽ നിന്നും 216 കൊടും കുറ്റവാളികൾ തടവുചാടി. പ്രദേശത്ത് ചെറിയ തോതിൽ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. ഈ തക്കം നോക്കിയാണ് കൂട്ടതടവു ചാടൽ.
കറാച്ചിയിലെ മാലിർ ജയിൽ നിന്നാണ് കുറ്റവാളികൾ കൂട്ടത്തൊടെ രക്ഷപ്പെട്ടത്. 24 മണിക്കൂറിനിടെ റിക്ടർ സ്കെയിലിൽ 3.2 നും 3.6 നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂചലനത്തിൽ ജയിൽ കെട്ടിടത്തിന്റെ ചുമരുകൾ ഭാഗികമായി തകർന്നിരുന്നു. ഇതിലൂടെയാണ് തടവുകാർ പുറത്തു കടന്നതെന്ന് സ്ഥിരീകരിച്ചു.
ഭൂകമ്പത്തിന് പിന്നാലെ 600 മുതൽ 1,000 വരെ തടവുകാരെ ബാരക്കുകളിൽ നിന്ന് മാറ്റിയിരുന്നു. ഇതിനിടെയാണ് ജയിൽ ജീവനക്കാരെ മർദ്ദിച്ച് ആയുധങ്ങൾ തട്ടിയെടുത്ത ശേഷം ബാക്കിയുള്ളവർ പുറത്തു കടന്നത്. ജയിലിന് അകത്തും പുറത്തും കനത്ത വെടിവയ്പ്പ് നടന്നതായാണ് വിവരം. ആക്രമത്തിൽ ഒരു തടവുകാരൻ കൊല്ലപ്പെടുകയും മൂന്ന് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷപ്പെട്ട 216 പേരിൽ ഏതാനും പേരെ പിടികൂടിയതായും റിപ്പോർട്ടുണ്ട്. കുറ്റവാളികളെ പിടികൂടാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് തെരുവുകൾ തോറും അനൗൺസ്മെന്‌റ് വാഹനങ്ങൾ പായുന്നുണ്ട്.















