ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് സേന പുറത്തുവിട്ടതിനേക്കാൾ വലിയ നാശ നഷ്ടം സംഭവിച്ചയാതി റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്നുള്ള രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സൈന്യം പുറത്തുവിട്ട സ്ഥലങ്ങൾക്ക് പുറമേ എട്ടിലേറെ ഭീകര കേന്ദ്രങ്ങൾ കൂടി ഇന്ത്യ ആക്രമിച്ചതായാണ് പാക് രേഖകൾ വ്യക്തമാക്കുന്നത്. പാകിസ്ഥാന്റെ “ഓപ്പറേഷൻ ബനിയൻ അൺ മർസൂസിന്റെ” രേഖകളിലാണ് ആണ് ഇക്കാര്യങ്ങളുളളത്. വെടിനിർത്തൽ അപേക്ഷയുമായി ഇന്ത്യയെ സമീപിക്കാൻ പാകിസ്ഥാനെ നിർബന്ധിതമാക്കിയത് ഇതാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
മെയ് 9 നും 10 നും ഇടയിലുള്ള രാത്രിയിൽ പെഷവാർ, ഝാങ്, സിന്ധിലെ ഹൈദരാബാദ്, പഞ്ചാബിലെ ഗുജറാത്ത്, ഗുജ്‌റൻവാല, ഭവൽനഗർ, അറ്റോക്ക്, ചോർ എന്നി പ്രദേശങ്ങളിൽ ഇന്ത്യൻ വ്യോമാക്രമണം നടത്തിയതായി രേഖകളിലുണ്ട്. എന്നാൽ ഇന്ത്യൻ സൈന്യം നടത്തിയ വാർത്താ സമ്മേളനത്തിൽ ഈ പ്രദേശങ്ങളെ കുറിച്ച് പരാമർശിച്ചിരുന്നില്ല.
പാകിസ്ഥാനിലെയും പിഒകെയിലെയും തകർന്ന ഭീകര കേന്ദ്രങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ മാക്‌സർ ടെക്‌നോളജീസ് പുറത്തുവിട്ടിരുന്നു. മുരിദ്‌കെയിലെ ലഷ്‌കർ-ഇ-തൊയ്ബ പരിശീലന കേന്ദ്രം, ബഹാവൽപൂരിലെ ജയ്ഷെ-ഇ-മുഹമ്മദ് ആസ്ഥാനം എന്നിവയുൾപ്പെടെ ഒമ്പത് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മുസാഫറാബാദ്, കോട്‌ലി, റാവലകോട്ട്, ചക്‌സ്‌വാരി, ഭീംബർ, നീലം വാലി, ഝലം, ചക്‌വാൾ എന്നിവയാണ് ഓപ്പറേഷനിൽ ആക്രമിച്ച മറ്റ് സ്ഥലങ്ങൾ.