ഝാർഖണ്ഡ്: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ പ്രമുഖ യൂട്യൂബർ അറസ്റ്റിൽ. പത്ത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള ജാൻമഹൽ വീഡിയോ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന ജസ്ബീർ സിംഗാണ് അറസ്റ്റിലായത്. പഞ്ചാബ് പൊലീസ് നടത്തിയ അന്വേഷണത്തിൽ രൂപ്നഗറിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
പാകിസ്ഥാനിലെ ഇന്റർസർവീസസ് ഇന്റലിജൻസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഷാക്കിറുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മൂന്ന് തവണ ഇയാൾ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. പാക ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.
പ്രതിയുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ടോണിക് ഉപകരണങ്ങളിൽ നിന്നും പാകിസ്ഥാനിലെ നിരവധി നമ്പറുകളും കണ്ടെടുത്തു. ഡൽഹിയിലെ പാകിസ്ഥാൻ എംബസിയിൽ നടന്ന പാകിസ്ഥാൻ ദേശീയ ദിന പരിപാടിയിലും ഇയാൾ പങ്കെടുത്തു. ചാരവൃത്തി കേസിൽ ഒരു ട്രാവലർ വ്ലോഗറെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.















