ന്യൂഡെല്‍ഹി: ടെസ്‌ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് തന്റെ ഇവി, ഇന്റര്‍നെറ്റ് ബിസിനസുകളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കാനൊരുങ്ങി നില്‍ക്കുകയാണ്. എന്നാല്‍ ജൂനിയര്‍ മസ്‌കിന് ഒരു ചുവടുമുന്നേ ഇന്ത്യയിലെത്തിയിരിക്കുകയാണ് പിതാവ് ഇറള്‍ മസ്‌ക്. അഞ്ചു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ഇറള്‍ മസ്‌ക് ഇന്ത്യന്‍ ബിസിനസ് രംഗത്ത്, പ്രത്യേകിച്ച് ഇവി, ഗ്രീന്‍ എനര്‍ജി മേഖലയില്‍ വലിയ ഓളമാണ് സൃഷ്ടിച്ചത്.
ഇന്ത്യക്കായി ചില സ്മാര്‍ട്ട് ബിസിനസ് മേഖലകളും പദ്ധതികളും പരിഗണിച്ചു വരുന്നുണ്ടെന്ന് സീനിയര്‍ മസ്‌ക് പറഞ്ഞു. ഇവി ചാര്‍ജിംഗ് ഉപകരണ കമ്പനിയായ സെര്‍വോടെക്ക് റിന്യൂവബിള്‍സിന്റെ ആഗോള ഉപദേഷ്ടാവായി എതാനും ആഴ്ച മുന്‍പ് ഇറള്‍ മസ്‌ക് നിയമിതനായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യ സന്ദര്‍ശനം.
ഇറള്‍ മസ്‌കിന്റെ യാത്രാ പരിപാടിയില്‍ ഗ്രീന്‍ ടെക്‌നോളജികളിലും ഇവി ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ കയറ്റുമതിയിലും ആഗോള നേതാവാകാനുള്ള ഇന്ത്യയുടെ തന്ത്രപരമായ മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എംപിമാര്‍, സംരംഭകര്‍, നിക്ഷേപകര്‍, സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെയും മസ്‌ക് സീനിയര്‍ തന്റെ യാത്രക്കിടെ കാണും.
വ്യാഴാഴ്ച ഹരിയാനയിലെ സെര്‍വോടെക്കിന്റെ ആസ്ഥാനത്തെത്തുന്ന ഇറള്‍ മസ്‌ക്, കമ്പനിയുടെ സോളാര്‍, ഇവി ചാര്‍ജര്‍ മേഖലയിലെ ജീവനക്കാര്‍ക്കും ഗവേഷകര്‍ക്കും തന്ത്രപരമായ ഉപദേശങ്ങള്‍ നല്‍കും. മസ്‌കിന്റെ സന്ദര്‍ശനം സെര്‍വോടെക്കിനും ആവേശം പകര്‍ന്നിട്ടുണ്ട്. രണ്ടു ദിവസം കൊണ്ട് സെര്‍വോടെക്കിന്റെ ഓഹരി വില 30% മുന്നേറി.
രാംലല്ലയെ കണ്ടു തൊഴുത് മസ്‌ക്
സന്ദര്‍ശനത്തിനിടെ ബുധനാഴ്ച അയോധ്യയിലെ രാം ജന്‍മഭൂമി ക്ഷേത്രത്തിലെത്തിയ ഇറള്‍ മസ്‌ക് രാംലല്ലയെ ദര്‍ശിച്ച് അനുഗ്രഹം തേടി. ഇന്ത്യയുടെ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകത്തെ ഏറെ ആദരവോടെ കാണുന്ന വ്യക്തിയാണ് അദ്ദേഹം.
ഇന്ത്യയെ ‘അത്ഭുതകരമായ സ്ഥലം’ എന്ന് വിശേഷിപ്പിച്ച മസ്‌ക് ലോകമെമ്പാടുമുള്ള ആളുകളോട് ഇന്ത്യ സന്ദര്‍ശിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. രാജ്യത്തെ ജനങ്ങള്‍ സ്‌നേഹവും ദയയും നിറഞ്ഞവരാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ത്യ ഒരു അത്ഭുതകരമായ സ്ഥലമാണ്. കഴിയുന്നത്ര ആളുകള്‍ ഇന്ത്യയിലേക്ക് വരണം. ഞാന്‍ വരുന്ന രാജ്യത്ത് ധാരാളം ഇന്ത്യക്കാരുണ്ട്. അതിനാല്‍, എനിക്ക് ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് അറിയാം. ആളുകള്‍ സ്‌നേഹവും ദയയും നിറഞ്ഞവരാണ്, ഒരുപക്ഷേ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന ഏറ്റവും മികച്ച ആളുകള്‍… ഞങ്ങള്‍ക്ക് ചില മികച്ച ബിസിനസ് പദ്ധതികളുണ്ട്, അത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്… ഇന്ത്യ-യുഎസ് ബന്ധം വളരെ മികച്ചതായിരിക്കുമെന്ന് ഞാന്‍ കരുതുന്നു…’ ഇറള്‍ മസ്‌ക് പറഞ്ഞു.