കാൽ പതിറ്റാണ്ടിന് ശേഷം ജർമനിയെ ആദ്യമായി കീഴടക്കി പോർച്ചുഗൽ. യുവേഫ നേഷൻസ് ലീഗിന്റെ സെമിയിലാണ് ജർമൻ പടയെ വീഴ്‌ത്തി റൊണാൾഡോയുടെ പോർച്ചുഗൽ ഫൈനലിലേക്ക് മുുന്നേറിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജയം. 2000ലെ യൂറോയിലാണ് ഏറ്റവും ഒടുവിൽ പോർച്ചുഗൽ ജർമനിക്കെതിരെ വിജയിക്കുന്നത്. സൂപ്പർ താരം റൊണാൾഡോയ്‌ക്കും ഇത് നാണകേടിന്റെ റെക്കോർഡ് മയ്‌ക്കാനുള്ള മധുര വിജയമായിരുന്നു.
അഞ്ചുവട്ടം നേരത്തെ ജർമനിക്ക് എതിരെ ഇറങ്ങിയപ്പോഴും ക്രിസ്റ്റ്യാനോയ്‌ക്ക് തോൽക്കാനായിരുന്നു വിധി. ഈ റെക്കോർഡാണ് താരം അവസാനിപ്പിച്ചത്. കരിയറിലെ 137-ാം രാജ്യാന്തര ഗോൾ നേടിയ റൊണാൾഡോ കരിയറിലെ ഗോൾ നേട്ടം 937 ആക്കി ഉയർത്തി. 63-ാം മിനിട്ടിൽ കോൺസെയ്സാവോയും 68-ാം മിനിട്ടിൽ റൊണാൾഡോയുമാണ് പറങ്കിപ്പടയ്‌ക്കായി സ്കോർ ചെയ്തത്. ഫ്ലോറിയൻ വെറ്റ്സാണ് ജർമനിയുടെ ആശ്വാസ ഗോൾ നേടിയത്. യുവേഫ നേഷൻസ് ലീഗ് രണ്ടു തവണ ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടം സ്വന്തമാക്കാൻ കാത്തിരിക്കുകയാണ്. 2019 ൽ ഡച്ചുകാരെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്‌ത്തിയാണ് പ്രഥമ സീസണിലെ കിരീടം ചൂടിയത്.















