ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ക്രിക്കറ്റ് താരം വിരാട് കോലി. പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്നും ഹൃദയം തകർന്ന വേദനയെന്നും വിരാട് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ആർസിബിയുടെ വിജയാഘോഷത്തിനിടെ നടന്ന ദൗർഭാഗ്യകരമായ കാര്യങ്ങളിൽ തങ്ങൾ ഏറെ ദുഃഖിതരാണെന്ന് ആർസിബിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. “എല്ലാവരുടെയും സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്. സംഭവത്തിൽ ആർസിബിയുടെ ദുഃഖം രേഖപ്പെടുത്തുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുകയാണ്. സ്ഥിതിഗതികൾ അറിഞ്ഞയുടനെ തുടർ നടപടികൾ കൈക്കൊണ്ടെന്നും” ആർസിബി പ്രസ്താവനയിൽ പറഞ്ഞു.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഭവിച്ചത് അതിദാരുണമാണെന്നും മരിച്ചവരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുച്ചേരുന്നെന്നും സച്ചിൻ ടെണ്ടുൽക്കറും കുറിച്ചു.
സ്റ്റേഡിയത്തിന് പുറത്തുനിന്നവർ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 11 പേരാണ് തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. നിരവധി പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.















