അയൽവാസിയെ ഹണിട്രാപ്പിൽ കുടക്കി അരക്കേടിയിലേറെ രൂപയും സ്വർണവും തട്ടിയ കേസിലെ പ്രതി പിടിയിൽ. അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ അർജുൻ ഗോപിയുടെ ഭാര്യ ധന്യ അർജുൻ (37) ആണ് പിടിയിലായത്. യുവാവിന്റെ 60 ലക്ഷവും 61 പവൻ സ്വർണവുമാണ് ഇവർ തട്ടിച്ചത്. കഴിഞ്ഞ ഏപ്രിൽ 3നു ഗാന്ധിനഗർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റുണ്ടായത്. പ്രതി മുൻകൂർ ജാമ്യം തേടിയിരുന്നെങ്കിലും ഹൈക്കോടതി ഹർജി തള്ളിയിരുന്നു. ഇതോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഗർഭിണിയാണെന്ന കാരണത്താൽ ജാമ്യത്തിൽ വിട്ടു. 2022 മാർച്ച് മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. യുവാവിന്റെ വീടിന് സമീപം വാടകയ്‌ക്ക് താമസിച്ചിരുന്ന യുവതി യുവാവിനെ പരിചയപ്പെട്ടു. പിന്നീട് പരിചയം സൗഹൃദത്തിലേക്ക് വളർത്തി, വിശ്വാസം ആർജിച്ചെടുത്തു. തുടർന്നാണ് ഇവർക്കൊപ്പമുള്ള നഗ്നചിത്രങ്ങൾ പകർത്തുന്നത്. പിന്നീട് ഇത് പരസ്യമാക്കുമെന്ന് ഭീഷണി മുഴക്കിയാണ് പണവും സ്വർണവും തട്ടിച്ചിരുന്നത്. യുവതിയുടെ ഭർത്താവ് അർജുനും സുഹൃത്ത് അലനും നേരത്തെ പിടിയിലായിരുന്നു. ഈ സംഘം നിരവധി പേരെ ഹണിട്രാപ്പിൽ പെടുത്തിയെന്ന് പൊലീസിന് സംശയമുണ്ട്.















