യുവതയുടെ കരുത്തിൽ ഫ്രാൻസിനെ മറികടന്നെത്തിയ സ്പെയിനും പരിചയസമ്പത്തിന്റെ പിൻബലത്തിൽ ജർമനിയെ വീഴ്‌ത്തിയ പോർച്ചുഗലും നേഷൻസ് ലീഗ് ഫൈനലിൽ നേർക്കുനേർ വരും. ഞായറാഴ്ച മ്യൂണിക് ഫുട്ബോൾ അരീനയിലാണ് കലാശ പോര്. രണ്ടാം സെമിയിൽ 5-4-നാണ് ഫ്രാൻസിനെ സ്പെയ്ൻ കീഴടക്കിയത്. ലാമിൻ യമാലിന്റെ രണ്ടു ഗോളുകളാണ് സ്പെയ്നിന് നിർണായകമായത്.
രണ്ടാമതൊരു കിരീടം മോഹിച്ചെത്തുന്ന പോർച്ചുഗലിന് സ്പെയ്ൻ ഉയർത്തുന്നത് വലിയ വെല്ലുവിളിയാകും. ഇതിനൊപ്പം തലമുറകൾ തമ്മിലുള്ള മത്സരം കൂടിയാണ് ജർമനിയിൽ ഫുട്ബോൾ അരീനയിൽ അരങ്ങേറുന്നത്. തന്നേക്കാൾ 23 വർഷം സീനിയറായ റൊണാൾഡയ്‌ക്കൊപ്പം സ്പാനിഷ് വണ്ടർ കിഡ് ലാമിൻ യമാൽ നേർക്കുനേർ വരുന്ന ആദ്യ മത്സരം കൂടിയാകുമിത്. സ്പെയിൻ നിരയിൽ ഏറ്റവും അപകടകാരിയായ താരമാണ് 17-കാരനായ യമാൽ.
ഫ്രാൻസിനെ നിഷ്പ്രഭമാക്കി യുവതാരം അത് ഒരിക്കൽ കൂടി അടിവരയിട്ടു. താൻ ആരാണെന്ന് തെളിയക്കാൻ കാത്തിരിക്കുന്നതായും യമാൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന് പുറത്ത് നടന്ന അവസാന പത്ത് നേഷൻസ് ലീഗ് മത്സരങ്ങളിലും സ്പെയിൻ തോറ്റിട്ടില്ല എന്നൊരു ചരിത്രവും അവർക്ക് പിൻബലമേകും. ബ്രൂണോ ഫെർണാണ്ടസും പിഎസ്ജി താരം വിറ്റൻഹയും ബെർണാഡോ സിൽവയും റൂബന്‍ നെവെസും അണിനിരക്കുന്ന മധ്യനിരയാണ് പോർച്ചുഗലിന്റെ എഞ്ചിൻ. 41-കാരനെങ്കിലും തളർച്ച തെല്ലും ബാധിച്ചിട്ടില്ലെന്ന് ജർമനിക്കെതിരെ ഗോളോടെ തെളിയിച്ചാണ് റെണാൾഡോയുടെ വരവ്. തലമുറകളുടെ പോരാട്ടത്തിൽ തലയാര് എന്ന് ഞായറാഴ്ച വ്യക്തമാകും.