കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗികളെ സന്ദർശിക്കാൻ വീണ്ടും പാസ് ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപി- യുവമോർച്ച പ്രവർത്തകർ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ഓഫിസ് ഉപരോധിച്ചു. കൊവിഡ് കാലത്ത് നിർത്തിയിരുന്ന പാസ് അഞ്ചിരട്ടി വർദ്ധിപ്പിച്ചാണ് പുനസ്ഥാപിച്ചിരിക്കുന്നത്
രോഗികളെ സന്ദർശിക്കാൻ മണിക്കൂറിന് 50 രൂപ ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മെഡിക്കൽ കോളജിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ സൂപ്രണ്ട് ഓഫിസിന് മുന്നിൽ ഉപരോധം നടത്തി.
ബി ജെ പി സിറ്റി അദ്ധ്യക്ഷൻ അഡ്വ കെ.പി പ്രകാശ് ബാബു ഉപരോധ സമരത്തിന് നേതൃത്വം നൽകി. വിഷയം ചർച്ച ചെയ്യാൻ സൂപ്രണ്ട് തയാറാകാത്തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സാധാരണക്കാരെ പിഴിയുന്ന തീരുമാനം ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്ത സമരത്തിലേക്ക് നീങ്ങുമെന്ന് അഡ്വ കെ പി പ്രകാശ് ബാബു പറഞ്ഞു
കൊവിഡ് കാലത്ത് നിർത്തിയിരുന്ന ഫീസ് സമ്പ്രദായം കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുനസ്ഥാപിച്ചത്. മുമ്പ് 10 രൂപയായിരുന്നു ഈടാക്കിയിരുന്നത്. 50 രൂപയാണ് പുതുക്കിയ നിരക്ക്.വൈകിട്ട് 4 മണി മുതൽ 5 മണിവരെ ഒപി ഗേറ്റ് വഴി മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളെ കാണാനാണ് പാസ്. ഡ്യൂട്ടിയിലുള്ള സുരക്ഷാ ജീവനക്കാരൻ രോഗിയുടെ സ്ഥിതി വിലയിരുത്തിയാണ് പാസ് അനുവദിക്കുന്നത്. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടി അധികൃതർ ഉടൻ പിൻവലിക്കണമെന്നാണ് ഉയരുന്ന ആവശ്യം