ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ വധഭീഷണി ഉയർത്തിയ യുവാവ് പിടിയിൽ. ഡൽഹി, ഗാസിയാബാദ് പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മുഖ്യമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞാണ് ഇയാൾ വിളിച്ചത്. ഗാസിയാബാദ് സ്വദേശിയായ ശ്ലോക് ത്രിപാഠിയാണ് അറസ്റ്റിലായത്. മദ്യപിച്ച് ബോധമില്ലാതെയാണ് ഇയാൾ ഫോൺ വിളിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയുമായുള്ള വഴക്കിന് പിന്നാലെയായിരുന്നു ഇയാളുടെ ഫോൺ കോൾ. ഇയാളുടെ സിംകാർഡും ഫോൺ നമ്പറും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഒരു ബന്ധുവിന്റെ പേരിലാണ് ഇയാൾ സിംകാർഡ് എടുത്തത്. ഗാസിയാബാദ് കോടതിയിൽ ജോലി ചെയ്തിരുന്നയാളാണ് ശ്ലോക് ത്രിപാഠി.
പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ ഗാസിയാബാദ് പൊലീസ് ഡൽഹി പൊലീസിന് കൈമാറിയിട്ടുണ്ട്.















