ഇന്ത്യയിലെ ഏറ്റവും ധനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവിയുമായ മുകേഷ് ഡി. അംബാനി, താന്‍ പഠിച്ച കോളെജിന് 152 കോടി രൂപ സംഭാവന നല്‍കി. മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി (ഐസിടി)ക്കാണ് അംബാനി ഇത്രയും തുക നല്‍കിയത്. മുമ്പ് യുഡിസിടി എന്നറിയപ്പെട്ടിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഐസിടി.
തന്റെ ആദരണീയനായ അധ്യാപകനും ഉപദേഷ്ടാവുമായ പ്രൊഫ. എം.എം. ശര്‍മ്മയ്‌ക്കുള്ള ആദരസൂചകമായാണ് ഈ സംഭാവനയെന്ന് അംബാനി പറഞ്ഞു. ഐസിടിയിലെ അധ്യാപകനും രാജ്യത്തെ പ്രശസ്ത കെമിക്കല്‍ എന്‍ജിനീയറുമായ ശര്‍മയുടെ ജീവചരിത്രമായ ഡിവൈന്‍ സൈന്റിസ്റ്റിന്റെ പ്രകാശനവേളയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അംബാനി ഇത് വ്യക്തമാക്കിയത്.
ഇത് എന്റെ ഗുരുദക്ഷിണയാണ്–റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അംബാനി പറഞ്ഞു. ‘പ്രൊഫ. ശര്‍മ്മ എന്നോട് പറഞ്ഞു, ‘മുകേഷ്, നിങ്ങള്‍ ഐസിടിക്ക് വേണ്ടി വലിയ എന്തെങ്കിലും ചെയ്യണം.’ ഞാന്‍ മറുപടി നല്‍കി, ‘സര്‍, എന്തുചെയ്യണമെന്ന് എന്നോട് പറയൂ.’ അദ്ദേഹം പറഞ്ഞു, ‘ഐസിടിക്ക് നിരുപാധികമായി 151 കോടി രൂപ പ്രഖ്യാപിക്കുക.’ ഇന്ന് അത് ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ വളരെ സന്തോഷമുണ്ട്.’
1970കളില്‍ ഐഐടി ബോംബെയില്‍ അഡ്മിഷന്‍ കിട്ടിയ അംബാനി അവിടെ ചേര്‍ന്നില്ല. പകരം ഐസിടിയില്‍ (അന്ന് യുഡിസിടി) പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ പ്രൊഫഷണല്‍ യാത്രയെ രൂപപ്പെടുത്തിയതിനും റിലയന്‍സിന്റെ വളര്‍ച്ചയിലേക്ക് നയിച്ച തത്വങ്ങള്‍ക്ക് പ്രചോദനം നല്‍കിയതിനും പ്രൊഫ. ശര്‍മ്മയെയാണ് അംബാനി പ്രശംസിച്ചത്. നൂതന ഗവേഷണത്തിലും വിദ്യാഭ്യാസത്തിലും ഐസിടിയുടെ ദൗത്യത്തെ പിന്തുണയ്‌ക്കുന്നതിനും പ്രൊഫ. ശര്‍മ്മ പങ്കിട്ട അറിവ്, സുസ്ഥിരത, രാഷ്‌ട്രനിര്‍മ്മാണത്തിന്റെ മൂല്യങ്ങള്‍ എന്നിവയെ ആദരിക്കുന്നതിനുമാണ് ഈ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു.
1990-ല്‍ യുകെയിലെ റോയല്‍ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ എഞ്ചിനീയറാണ് പ്രൊഫ. ശര്‍മ.















