കണ്ണൂർ: പോക്സോ കേസിൽ കെഎസ്ഇബി ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. കെഎസ്ഇബി മീറ്റർ റീഡർ കണ്ണൂർ കുറ്റിയാട്ടൂർ സ്വദേശി ജിജേഷിനെയാണ് ചക്കരയ്‌ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ മീറ്റർ റീഡിങ് എടുക്കാൻ എത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. പെൺകുട്ടിയുടെ വല്യച്ഛന്റെ വീട്ടിൽ മീറ്റർ റീഡിങ് എടുക്കാൻ എത്തിയതായിരുന്നു പ്രതി. ഏച്ചൂർ കെഎസ്ഇബി ഓഫീസിലെ മീറ്റർ റീഡറാണ് ജിജേഷ്. വല്യച്ഛന്റെ വീടിന് സമീപത്തുതന്നെയാണ് പെൺകുട്ടിയുടെ വീടും. വീട്ടിൽ ആരുമില്ല എന്ന് കുട്ടി പറഞ്ഞതിന് പ്രകാരം പെൺകുട്ടിയെയും ഒപ്പം കൂട്ടി ഇയാൾ റീഡിങ് എടുക്കാൻ ഇവിടെ പോവുകയായിരുന്നു.
ഈ അവസരം മുതലാക്കി ജിജേഷ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡനവിവരം പെൺകുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകുന്നത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചേർത്ത് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.















