റാഞ്ചി: നക്സലൈറ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം. ഐഇഡി സ്ഫോടനത്തിൽ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും മറ്റ് ചിലർക്കും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. എത്രപേർ അപകടത്തിൽപ്പെട്ടുവെന്ന് വ്യക്തമല്ല.
ഗുരുതരമായി പരിക്കേറ്റവരിൽ സുക്മ ജില്ലയിലെ കോണ്ട ഡിവിഷനിലെ അഡീഷണൽ പൊലീസ് സൂപ്രണ്ട് (എഎസ്പി) ആകാശ് റാവു ഗിരിപുഞ്ചെയുമുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
നിരോധിത സിപിഐ (മാവോയിസ്റ്റ്) സംഘടന ജൂൺ 10 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള നക്സലൈറ്റ് അക്രമ സംഭവങ്ങൾ തടയുന്നതിനായി പ്രദേശത്ത് കാൽനടയായി പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്.