പാലക്കാട് : നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ നടന്നു. പാലക്കാട് മുണ്ടൂർ കർമല മാതാ പള്ളിയിലാണ് സംസ്കാരചടങ്ങുകൾ നടന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷൈനിന്റെ അമ്മ സ്ട്രെച്ചറിലാണ് വീട്ടിലെത്തിയത്. സങ്കടം സഹിക്കാനാവാതെ ഷൈൻ വിങ്ങിപ്പൊട്ടി. സി പി ചാക്കോയെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി നാട്ടുകാരും പൊതുദർശനത്തിനെത്തി.
മുണ്ടൂർ വീട്ടിലെ പൊതുദർശനത്തിന് ശേഷം പത്തരയോടെയാണ് മൃതദേഹം പള്ളിയിൽ എത്തിച്ചത്. ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, സംവിധായകൻ കമൽ, ഒമർലുലു, സരയു എന്നിവർ പള്ളിയിൽ നടന്ന സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ചാക്കോയുടെ മരണവിവരം ഷൈനിന്റെ അമ്മയെ അറിയിച്ചിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ എന്ന് മാത്രമാണ് പറഞ്ഞിരുന്നതാണ്. ഇന്ന് രാവിലെയാണ് മരണവിവരം അറിയിച്ചത്. അപകടത്തിൽ ഷൈനിന്റെ തോളെല്ലിനും മാതാവിന്റെ നട്ടെല്ലിനും പരിക്കേറ്റിരുന്നു. പിതാവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായ ശേഷം ഷൈനിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും.















