ബെംഗളൂരു: കമൽഹാസൻ നായകനായ തഗ് ലൈഫ് സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട ഹർജി തള്ളി സുപ്രീം കോടതി. സംസ്ഥാനത്ത് സിനിമ പ്രദർശിപ്പിക്കുന്നതിന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി കർണാടക തിയേറ്റേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
ആർട്ടിക്കിൾ 32 പ്രകാരമാണ് കേസ് ഫയൽ ചെയ്തത്. ഹർജി പരിഗണിച്ച ജസ്റ്റിസ് പി കെ മിശ്ര, മൻമോഹൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. എന്തിനാണ് ഇവിടെ ആർട്ടിക്കിൾ 32 ഫയൽ ചെയ്തിരിക്കുന്നതെന്നും ഹൈക്കോടതിയിൽ പോകൂവെന്നും സുപ്രീംകോടതി നിർദേശിച്ചു.
ക്രമസാമാധന പ്രശ്നമാണെന്നും സുപ്രീംകോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും കർണാടക തിയേറ്റേഴ്സ് അസോസിയേഷന്റെ ഹർജിയിൽ പറയുന്നു. കർണാടകയിൽ തഗ് ലൈഫ് പ്രദർശിപ്പിക്കുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ഇവർ ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു.
കന്നഡ അനുകൂല ഗ്രൂപ്പുകളുടെ സമ്മർദ്ദം കണക്കിലെടുത്ത് സിനിമ കർണാടകയിൽ റിലീസ് ചെയ്യില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഹർജിയിൽ അനുകൂലനിലപാട് ഉണ്ടായില്ല.















