കോഴിക്കോട്: ഫ്ലാറ്റിലേക്ക് സ്ത്രീകളെ എത്തിച്ച് അനാശാസ്യം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റിൽ നിന്നാണ് സ്ത്രീകളെ പിടികൂടിയത്. വയനാട് സ്വദേശിയായ ബിന്ദു, ഇടുക്കി സ്വദേശിയായ അഭിരാമി, ഉപേഷ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
വാട്സ്ആപ്പിലൂടെയാണ് അനാശാസ്യസംഘം ഇടപാടുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നത്. സ്ത്രീകളുടെ വിവരങ്ങൾ കൈമാറുന്നതും വാട്സ്ആപ്പിലൂടെയാണ്. കഴിഞ്ഞ ആറാം തീയതിയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കേരളത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമാണ് സ്ത്രീകളെ അനാശാസ്യത്തിന് എത്തിച്ചിരുന്നതെന്ന് പ്രതികൾ സമ്മതിച്ചു. ഒരു മാസമായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു പൊലീസ്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
ആദ്യം വാട്സ്ആപ്പിലൂടെ ലൊക്കേഷൻ അയയ്‌ക്കും. തുടർന്ന് ഇടപാടുകാർ ഫ്ലാറ്റിലെ കൗണ്ടറിൽ വന്ന് പണമടയ്‌ക്കണം. ആർക്കും സംശയം തോന്നാതിരിക്കാൻ ആശുപത്രികളുടെ സമീപത്തായാണ് ഫ്ലാറ്റുകൾ എടുത്തിരുന്നത്. രോഗികളുടെയൊപ്പം എത്തുന്ന ആളുകളാണ് പ്രധാന ഇടപാടുകാർ. ഇവർക്ക് മറ്റ് കേന്ദ്രങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.