പത്തനംതിട്ട : കുറ്റൂർ പഞ്ചായത്ത് ഓഫീസിൽ ഇടതുമുന്നണി നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ സനൽകുമാർ. ജീവനക്കാർക്ക് നേരെ ഭീഷണി ഉയർത്തിയ സംഭവത്തിൽ നടപടി വേണമെന്നും സംഘ് ജീവനക്കാരെ വ്യക്തിപരവും, രാഷ്‌ട്രീയവുമായി കൈകാര്യം ചെയ്യുമെന്ന സിപിഎം നേതാവിന്റെ വെല്ലുവിളി പ്രതിഷേധാർഹമാണെന്നും എൻജിഒ സംഘ് വ്യക്തമാക്കി.
ഓഫീസ് പ്രവർത്തി സമയം കഴിഞ്ഞുള്ള സ്റ്റാഫ് മീറ്റിംഗിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി ഏറെ വിവാദമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാര ധാർഷ്ട്യത്തിനെതിരെ ഓഫീസിലെ മുഴുവൻ ജീവനക്കാരും പ്രതിഷേധം നടത്തുകയും തുടർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ ജീവനക്കാരുടെ ഭാഗത്ത് വീഴ്ച ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ ജാള്യത മറച്ചുപിടിക്കുന്നതിനും, ജീവനക്കാരിയെ അപമാനിച്ച പ്രസിഡന്റിനെതിരെ എസ്.സി. എസ്. റ്റി. കമ്മീഷനിൽ നൽകിയ പരാതിയിൽ നടന്നുവരുന്ന അന്വേഷണം അട്ടിമറിക്കുന്നതിനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് മാസങ്ങൾക്ക് ശേഷം ഇടതുമുന്നണി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഭരണപരവും, രാഷ്‌ട്രീയവുമായ സ്വാധീനം ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്വന്തം വരുതിയിലാക്കി മാറ്റാനുള്ള രാഷ്‌ട്രീയ ശ്രമങ്ങൾ തടയപ്പെടേണ്ടതാണ്. ജീവനക്കാരെ ഓഫീസിനുള്ളിൽ സമാധാനപരമായി ജോലി ചെയ്യാൻ അനുവദിക്കാതെ ഭീഷണിയുമായി മുന്നോട്ടു പോകുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ രാഷ്‌ട്രീയ നടപടികൾക്കെതിരെ സർവ്വീസ് സംഘടനകളുടെ യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്ന് എൻ ജി ഒ സംഘ് ജില്ലാ പ്രസിഡന്റ് എൻ. ജി. ഹരീന്ദ്രൻ, എം. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.