മുംബൈ: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്ക് ലഭിച്ചത് 10.41 കോടി രൂപ ശമ്പളം. ഇന്ത്യയിലെ രണ്ടാമത്തെ ധനികനായ അദാനിയുടെ ശമ്പളത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 12% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 9.26 കോടി രൂപയാണ് ഗൗതം അദാനിക്ക് ശമ്പളയിനത്തില്‍ കിട്ടിയിരുന്നത്.
അദാനി ഗ്രൂപ്പിന് കീഴിലുള്ള ഒമ്പത് ലിസ്റ്റുചെയ്ത സ്ഥാപനങ്ങളില്‍ രണ്ടെണ്ണത്തില്‍ നിന്നാണ് അദ്ദേഹത്തിന് ശമ്പളം ലഭിച്ചത്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ (എഇഎല്‍) നിന്ന് 2.54 കോടി രൂപ അദ്ദേഹത്തിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം എഇഎലില്‍ നിന്ന് 2.46 കോടി രൂപയായിരുന്നു അദാനിക്ക് ശമ്പളമായി ലഭിച്ചത്. അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ നിന്ന് 7.87 കോടി രൂപയും അദ്ദേഹത്തിന് ലഭിച്ചു. ഇതില്‍ 1.8 കോടി രൂപ ശമ്പളവും 6.07 കോടി രൂപ കമ്മീഷനും ഉള്‍പ്പെടുന്നു.
മുന്നില്‍ ഉദ്യോഗസ്ഥര്‍
അദാനി ഗ്രൂപ്പിന്റെ പോര്‍ട്‌സ് ബിസിനസിനെ നയിക്കുന്ന ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയുടെ 2024-25 ലെ വാര്‍ഷിക ശമ്പളം 7.09 കോടി രൂപയാണ്. അതേസമയം അദാനി അദാനി എന്റര്‍പ്രൈസസ് സിഇഒ വിനയ് പ്രകാശിന് 69.34 കോടി രൂപ, ശമ്പളവും ആനുകൂല്യങ്ങളുമായി ലഭിച്ചു. ഗൗതം അദാനിയേക്കാള്‍ ഏകദേശം 7 ഇരട്ടി തുക!
വലിയ ശമ്പളക്കാര്‍
ഇന്ത്യയിലെ പ്രമുഖ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലെ മിക്കവാറും എല്ലാ ബിസിനസ് പ്രമുഖരുടെയും ശമ്പളത്തേക്കാള്‍ കുറവാണ് അദാനിയുടെ ശമ്പളം. ടെലികോം ബിസിനസിലെ പ്രമുഖനായ, ഭാരതി എയര്‍ടെല്‍ സ്ഥാപകനായ സുനില്‍ ഭാരതി മിത്തല്‍ 2023-24 ല്‍ 32.27 കോടി രൂപ ശമ്പളമായി നേടി. ബജാജ് ഗ്രൂപ്പ് മേധാവിയായ രാജീവ് ബജാജിന് 53.75 കോടി രൂപ ശമ്പളമായി ലഭിച്ചു. എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്മണ്യന്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ 76.25 കോടി രൂപയും, ഇന്‍ഫോസിസ് സിഇഒ സലില്‍ എസ് പരേഖ് 2025 സാമ്പത്തിക വര്‍ഷത്തില്‍ 80.62 കോടി രൂപയും സമ്പാദിച്ചു. ഹീറോ മോട്ടോര്‍കോര്‍പ്പ് എംഡിയായ പവന്‍ മുഞ്ജലിന് 109 കോടി രൂപ ലഭിച്ചതായി കണക്കുകള്‍ പറയുന്നു.
അംബാനിയുടെ സൗജന്യ സേവനം
അതേസമയം ശമ്പളം വാങ്ങാതെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനായ മുകേഷ് അംബാനി ജോലി ചെയ്യുന്നത്. കോവിഡ്19 മഹാമാരി ആരംഭിച്ചതിനുശേഷം മുകേഷ് അംബാനി തന്റെ സ്ഥാപനങ്ങളില്‍ നിന്ന് ശമ്പളം കൈപ്പറ്റിയിട്ടില്ല. അതിനു മുന്‍പ് അദ്ദേഹത്തിന്റെ പ്രതിവര്‍ഷ ശമ്പളം 15 കോടി രൂപയായിരുന്നു.
ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം 82.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഗൗതം അദാനി, ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവിക്കായി മുകേഷ് അംബാനിയുമായാണ് മത്സരിക്കുന്നത്. 2022ല്‍ അദാനി ഈ സൂചികയില്‍ ഒന്നാം സ്ഥാനം കുറച്ചുകാലം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടുകള്‍ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ 150 ബില്യണ്‍ ഡോളറിന്റെ വന്‍ ഇടിവ് വരുത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ആ സ്ഥാനം നഷ്ടപ്പെട്ടു.















