മേഘാലയിൽ ഹണിമൂണിനെത്തിയ ദമ്പതികളിൽ യുവാവ് കൊലപ്പെട്ട സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. രാജ രഘുവംശിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. ഇതിൽ തലയ്‌ക്കുണ്ടായ ആഴമേറിയ മുറിവുകളിൽ നിന്ന് ചോരവാർന്നാണ് യുവാവ് മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.
തലയുടെ മുന്നിലും പിന്നിലുമാണ് വലിയ മുറിവുണ്ടായിരിക്കുന്നത്. ഇത് വളരെ ആഴത്തിലുള്ളവയാണ്. മൂർച്ചയേറിയ ആയുധം കൊണ്ട് തലയ്‌ക്കടിച്ചെന്നാണ് സൂചന. മരണം ഉറപ്പാക്കിയ ശേഷം മലയിടുക്കിലേക്ക് തള്ളിയിട്ടു. ശേഷം പ്രതികൾ വിവിധ സ്ഥലങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് നിഗമനം. യുവാവിന്റെ ഭാര്യ സോനവും കാമുകൻ രാജ് കുശ്വാഹയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതും വാടക കൊലയാളികളെ ചുമതലപ്പെടുത്തിയതും. ഹണിമൂണിന് മേഘാലയ തിരഞ്ഞെടുത്തതും യുവതിയായിരുന്നു. ലോക്കേഷൻ കാമുകന് അപ്ഡേറ്റ് ചെയ്തിരുന്നതും സോനം തന്നെയായിരുന്നു.
സോനം രഘുവംശി ഗാസിപൂരിൽ പൊലീസ് പിടിയിലായതോടെയാണ് അതിക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഷില്ലോങിൽ കാണാതായ യുവതി പൊലീസ് പിടിയിലായത് ഭർത്താവിന്റെ മൃതദേഹം ചിറാപുഞ്ചിയിലെ മലയിടുക്കിൽ നിന്ന് കണ്ടെത്തിയതിന്റെ ഏഴാം ദിവസമായിരുന്നു. മേയ് 11 നായിരുന്നു ഇവരുടെ വിവാഹം. 20ന് ഹണിമൂണിനും പോയി.അതേസമയം മകളെ കേസിൽ കുരുക്കുകയാണെന്ന് സോനത്തിന്റെ കുടുംബം ആരോപിച്ചു.അവർ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.















