കൊൽക്കത്ത: ഛത്തീസ്ഗഢ് മേഖലയിൽ നടക്കുന്ന ഓപ്പറേഷൻ കാഗറിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി ഇടതു പാർട്ടികൾ. ഛത്തീസ്ഗഢിലെ അഞ്ച് ഇടതുപക്ഷ പാർട്ടികളാണ് മാവോയിസ്റ്റുകളെ വധിക്കുന്നതിനെ എതിർത്തുകൊണ്ട് സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
മേഖലയിലെ വനവാസി വിഭാഗത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയായ മാവോയിസ്റ്റ് ഭീകരതയെ ഉന്മൂലനം ചെയ്യാൻ കേന്ദ്രം ആരംഭിച്ച നക്സൽ വിരുദ്ധ ഓപ്പറേഷൻ നിയമവിരുദ്ധമെന്നാണ് പാർട്ടികളുടെ അവകാശവാദം. വനവാസി ജനതയുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും അവരുടെ സാധാരണ ജീവിതം തടപ്പെട്ടുവെന്നുമൊക്കെയാണ് ഇവർ കത്തിൽ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ.
ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ഭീകരർ കൊല്ലപ്പെടുന്നത് ഛത്തീസ്ഗഢിലെ വനവും ധാതുക്കളും കോർപ്പറേറ്റുകൾ ചൂഷണം ചെയ്യുന്നതിനിടയാക്കുമെന്നും ഇത് പരിസ്ഥിതി സുരക്ഷയ്‌ക്ക് വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുമാണ് ഇടതുപാർട്ടികളുടെ കണ്ടെത്തൽ. മാവോയിസ്റ്റുകളോട് കേന്ദ്രത്തിനുള്ളത് മനുഷ്യത്വ രഹിത സമീപനമാണെന്നും കത്തിലുണ്ട്.
അതേസമയം മാവോയിസ്റ്റുകൾക്ക് കീഴടങ്ങാനുള്ള അവസരമൊരുക്കി അവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്.















