മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തോട് വിയോജിച്ച് ക്ഷുഭിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിന് പിഴ. ജൂൺ 8 ന് കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് പ്രീമിയർ ലീഗ് (TNPL) മത്സരത്തിലാണ് താരത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയത്.
പുറത്താക്കിയ തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചതിന് 10 ശതമാനവും ഗ്ലൗസ്, ബാറ്റ് തുടങ്ങിയ ക്രിക്കറ്റ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്തതിന് 20 ശതമാനവുമാണ് പിഴ. മത്സരത്തിന് ശേഷമുള്ള മാച്ച് റഫറിയുടെ വാദം കേട്ട ശേഷമായിരുന്നു തീരുമാനം.
ഡിണ്ടിഗൽ ഡ്രാഗൺസും ഐഡ്രീം തിരുപ്പൂർ തമിഴൻസും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ഡ്രാഗൺസിനായി ഓപ്പണറായി എത്തിയ ക്യാപ്റ്റൻ അശ്വിൻ, തിരുപ്പൂർ ക്യാപ്റ്റൻ ആർ. സായ് കിഷോറിന്റെ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമം വിജയിച്ചില്ല. പന്ത് അദ്ദേഹത്തിന്റെ പാഡുകളിൽ തട്ടിയതോടെ ഫീൽഡ് അമ്പയർ കൃതിക ഉടൻതന്നെ എൽബിഡബ്ള്യു ഔട്ട് വിധിക്കുകയായിരുന്നു.
Ash அண்ணா Not Happy அண்ணாச்சி! 😶🌫
📺 தொடர்ந்து காணுங்கள் | TNPL 2025 | iDream Tiruppur Tamizhans vs Dindigul Dragons | Star Sports தமிழில் #TNPLOnJioStar #TNPL #TNPL2025 pic.twitter.com/Csc2ldnRS3
— Star Sports Tamil (@StarSportsTamil) June 8, 2025
എന്നാൽ അമ്പയറിന്റെ തീരുമാനത്തിൽ ക്ഷുഭിതനായ അശ്വിൻ പന്ത് ലെഗ് സ്റ്റമ്പിന്റെ ലൈനിന് പുറത്ത് പിച്ച് ചെയ്തതാണെന്ന് വാദിച്ചെങ്കിലും ഫലം കണ്ടില്ല. റിവ്യൂ അവസരങ്ങൾ ഒന്നും അവശേഷിട്ടില്ലാത്തതിനാൽ താരത്തിന് നിരാശനായി മടങ്ങേണ്ടി വന്നു. പവലിയനിലേക്ക് മടങ്ങുമ്പോൾ, ബാറ്റ് ഉപയോഗിച്ച് തന്റെ പാഡുകളിൽ അടിക്കുകയും പിന്നീട് കോപത്തോടെ ഗ്ലൗസ് വലിച്ചെറിയുകയും ചെയ്തു. ക്യാപ്റ്റൻ മടങ്ങിയതോടെ കൂട്ട തകർച്ചയിലേക്ക് വീണ ഡിണ്ടിഗൽ ടീമിനെതിരെ ഐഡ്രീം തിരുപ്പൂർ തമിഴൻസ് അനായാസ വിജയം നേടുകയും ചെയ്തു.















