ന്യൂഡൽഹി: ബിസിനസുകാരനായ രാജ രഘുവംശിയെ കൊലപ്പെടുത്താൻ പ്രതികളായ ഭാര്യയും കാമുകനും ക്വട്ടേഷൻ സംഘത്തിന് വാഗ്ദാനം ചെയ്തത് 20 ലക്ഷം രൂപ. സോനവും പ്രതികളും ചേർന്നാണ് മൃതദേഹം മലയിടുക്കിൽ നിന്നും താഴേക്ക് തള്ളിയിട്ടതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
നാല് ലക്ഷം രൂപയാണ് യുവതിയുടെ കാമുകനും ആദ്യം വാഗ്ദാനം ചെയ്തിരുന്നത്. പിന്നീട് പ്രതികൾ കൂടുതൽ ആവശ്യപ്പെടുകയായിരുന്നു. ഹണിമൂൺ യാത്രയ്‌ക്കിടെ ബെംഗളൂരുവിൽ വച്ച് പ്രതികളും സോനവും കണ്ടുമുട്ടിയിരുന്നു. പിന്നീട് ദമ്പതികൾ താമസിച്ചിരുന്ന ഹോട്ടലിന് സമീപത്ത് മുറിയെടുത്തു.
വിവാഹത്തിന് ശേഷമാണ് യുവതി കാമുകനോടൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. മേഘാലയയിലേക്ക് പോയില്ലെങ്കിലും രാജ് കുശ്വാഹയുടെ നിർദേശാനുസരണമാണ് പ്രതികൾ നീങ്ങിയത്. കൂടാതെ ലൈവ് ലൊക്കേഷൻ പ്രതിക്ക് യുവതി അയയ്‌ക്കുകയും ചെയ്തിരുന്നു. ഇതിലൂടെയാണ് ദമ്പതികളെ പ്രതികൾ ട്രാക്ക് ചെയ്തത്.
ഹോട്ടലിൽ വച്ച് മൂന്ന് യുവാക്കളുമായി സോനം സംസാരിച്ചുവെന്ന ജീവനക്കാരന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. മെയ് 21 മുതൽ പ്രതികൾ ഇവരെ പിന്തുടരുകയായിരുന്നു. 23-നാണ് വെള്ളച്ചാട്ടം കാണാനായി ഇരുവരും മലമുകളിലേക്ക് പോയത്. ക്ഷീണമാണെന്ന് അഭിനയിച്ച് സോനം യുവാവിന്റെ പുറകെയാണ് നടന്നിരുന്നത്. തുടർന്ന് വിജനമായ സ്ഥലത്ത് എത്തിയയുടനെ രഘുവംശിയെ കൊലപ്പെടുത്താൻ സോനം നിർദേശിക്കുകയായിരുന്നു. പിന്നീട് പ്രതികളോടൊപ്പം ചേർന്ന് മൃതദേഹം മലമുകളിൽ നിന്നും താഴേക്കിട്ടു.















