ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് ഉയർത്തിക്കാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തിയ ബഹുകക്ഷി പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഏഴ് പ്രതിനിധി സംഘങ്ങളാണ് മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ചത്.
ഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. വിവിധ പാർട്ടികളിലുള്ള എംപിമാർ, മുൻ പാർലമെന്റംഗങ്ങൾ, മുതിർന്ന നയതന്ത്രജ്ഞർ എന്നിവരുൾപ്പെടെയുള്ള പ്രതിനിധി സംഘം വിദേശ നേതാക്കളുമായും പ്രതിനിധികളുമായും ഇടപഴകിയതിന്റെ അനുഭവങ്ങൾ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.
പഹൽഗാം ഭീകരാക്രമണത്തിലേക്കും തുടർന്നുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിലൂടെയുള്ള തിരിച്ചടിയിലേക്കും ശ്രദ്ധ ക്ഷണിക്കുന്നതിനായി ഇന്ത്യയുടെ നയതന്ത്ര പ്രചാരണത്തിന്റെ ഭാഗമായാണ് പ്രതിനിധികളെ അയച്ചത്. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നയം വ്യക്തമാക്കുന്നതിനും ആഗോള സമാധാനത്തിനായുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനുമായി ഓരോ ഗ്രൂപ്പും ലോകമെമ്പാടുമുള്ള പ്രധാന രാജ്യതലസ്ഥാനങ്ങൾ സന്ദർശിച്ചു.അതിർത്തി കടന്നുള്ള ഭീകരതയെ കുറച്ചുകാണുകയും കശ്മീർ വിഷയം അന്താരാഷ്‌ട്രവൽക്കരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ ചെറുക്കുന്നതിനുള്ള വലിയ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്.