റാഞ്ചി: 2018 ൽ ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായിരുന്ന അമിത്ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്നാരോപിച്ച് സമർപ്പിച്ച മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് ജാർഖണ്ഡ് ഹൈക്കോടതി. രാഹുലിനോട് ആഗസ്റ്റ് ആറിന് ചൈബാസ കോടതിയിൽ ഹാജരാകാനും കോടതി നിർദേശിച്ചു.
അതേസമയം രാഹുൽ ഗാന്ധിക്കെതിരെ ചൈബാസ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് അടുത്ത വാദം കേൾക്കൽ വരെ കോടതി സ്റ്റേ ചെയ്തു. രാഹുലിന് വേണ്ടി അഭിഭാഷകൻ ഓഗസ്റ്റ് ആറിന് ഹാജരാകാമെന്ന ഉറപ്പിന്മേലാണിത്. നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായെ ലക്ഷ്യമിട്ടുള്ള പരാമർശങ്ങൾക്ക് രാഹുൽ ഗാന്ധിക്കെതിരെ സമർപ്പിച്ച പരാതിയുമായി ബന്ധപ്പെട്ടതാണ് കേസ്.
2018-ൽ കോൺഗ്രസ് ദേശീയ പ്രസിഡന്റായിരുന്നപ്പോൾ രാഹുൽ ഗാന്ധി പാർട്ടി സമ്മേളനത്തിൽ അമിത് ഷായ്‌ക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളാണ് കേസിനാധാരം. രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് പ്രതാപ് കുമാറാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.