തിരുവനന്തപുരം: കേരളാതീരത്ത് അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. എംഎസ് സി എൽസ-3 കപ്പലിനെതിരെയാണ് കേസെടുത്തത്. കപ്പൽ ഉടമയെ ഒന്നാം പ്രതിയും ഷിപ്പ് മാസ്റ്ററെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രൂ അംഗങ്ങളെ രണ്ടും മൂന്നും പ്രതികളാക്കിയിട്ടുണ്ട്.
വൻ തോതിൽ ചരക്കുകളും സ്ഫോടക വസ്തുക്കളുമുണ്ടെന്ന് അറിഞ്ഞിട്ടും മനുഷ്യനും സ്വത്തിനും അപകടമുണ്ടാക്കുന്ന വിധം അശ്രദ്ധയായി കപ്പൽ കൈകാര്യം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽ നിന്ന് പ്ലാസ്റ്റികും മറ്റ് അവശിഷ്ടങ്ങളും പുറംതള്ളപ്പെട്ടത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമായെന്നും എഫ്ഐആറിൽ പറയുന്നു.
മത്സ്യത്തൊഴിലാളികൾക്കും ഈ അപകടം വലിയ നഷ്ടമുണ്ടാക്കിയതായാണ് വിലയിരുത്തൽ. കടലിൽ പതിച്ച കണ്ടെയ്നറുകളാൽ കപ്പൽ ചാലിലും മറ്റ് സമീപ പ്രദേശങ്ങളിലും സഞ്ചാരം നടത്തുന്ന യാനങ്ങളും പൊതുസഞ്ചാരത്തിന് തടസമുണ്ടായിരുന്നു.
കപ്പൽ അപകടത്തിൽ കേസെടുക്കില്ലെന്നും പകരം നഷ്ടപരിഹാരം നൽകുമെന്നുമുള്ള നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. അഴീക്കൽ തീരത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ കഴിഞ്ഞ ദിവസം വാൻഹായ് 503 എന്ന കപ്പൽ കൂടി മുങ്ങിയതോടെയാണ് കേസെടുക്കാൻ തീരുമാനിച്ചത്.















