ഡെറാഡൂൺ: പാകിസ്ഥാനെ ഭീകരവിരുദ്ധ സമിതിയുടെ വൈസ് പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യാനുള്ള യുഎൻ സുരക്ഷാ കൗൺസിലിന്റെ നീക്കത്തിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരവാദത്തിനെതിരെയുള്ള യുഎന്റെ നിലപാട് പോലും ചോദ്യം ചെയ്യപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡെറാഡൂണിൽ നടന്ന ഒരു പരിപാടിയിലാണ് ഇന്ത്യയുടെ ആശങ്ക അദ്ദേഹം രേഖപ്പെടുത്തിയത്.
പാകിസ്ഥാനെ ഭീകരതയുടെ നേഴ്സറി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ” അൽ ഖ്വയ്ദ നടത്തിയ 9/11 ഭീകരാക്രമണത്തിന് ശേഷമാണ് ഭീകരവാദ വിരുദ്ധ സമിതി രൂപീകരിച്ചത്. ആക്രമണത്തിന്റെ സൂത്രധാരന് അഭയം നൽകിയി രാജ്യമാണ് പാകിസ്ഥാൻ. പാൽ കാക്കാൻ പൂച്ചയോട് ആവശ്യപ്പെടുന്ന പഴഞ്ചൊല്ലിന് സമാനമാണ് ഈ തീരുമാനം. ഇതിലും ക്രൂരമായ തമാശ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല, “, അദ്ദേഹം പറഞ്ഞു.
ഹാഫിസ് സയീദ്, മസൂദ് അസ്ഹർ എന്നീ ഭീകരവാദികൾക്ക് സ്വതന്ത്രമായി വിഹരിക്കാൻ അനുവാദമുള്ള ഏക രാജ്യമാണ് പാകിസ്ഥാനെന്നും പ്രതിരോധ മന്ത്രി ഓർമ്മിപ്പിച്ചു. അവിടെ ഇരുന്നാണ് അവർ ഭീകരരെ റിക്രൂട്ട് ചെയ്യുന്നതും വിഷം തുപ്പുന്നതും. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരുടെ മയ്യത്ത് നമസ്കാരത്തിൽ ആർമി ജനറൽമാർ പങ്കെടുത്ത് “ഫത്തേഹ” ചൊല്ലിയതും പാകിസ്ഥാനിലാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
പാകിസ്താൻ പ്രതിരോധ ബജറ്റ് 20 ശതമാനം വർദ്ധിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. പാക് ജിഡിപിയുടെ 70 ശതമാനവും കടം തിരിച്ചടയ്‌ക്കാനാണ് ഉപയോഗിക്കുന്നത്. ദൈനംദി ചെലവിന് ലോകരാജ്യങ്ങളോട് യാചിക്കുകയാണ് ഷെബഹാസ് ഷെരീഫ്. ഈ സമയത്താണ് പ്രതിരോധ ബജറ്റ് കൂട്ടിയത്. ഇത് സാധാരണ പാകിസ്താനികളുടെ മനസ്സിൽ ആശങ്ക സൃഷ്ടിക്കും. പാകിസ്ഥാനിലെ യുവാക്കൾക്ക് വികസനം വേണോ അതോ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന സർക്കാരോ സൈന്യമോ വേണോ എന്ന് തീരുമാനിക്കേണ്ടിവരും’ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ കടമെടുത്ത് കൊണ്ട് രാജ്നാഥ് സിംഗ് പറഞ്ഞു.പാകിസ്ഥാനിലേക്കുള്ള വിദേശ ഫണ്ടിന്റെ ഒഴുക്ക് തടയാൻ അന്താരാഷ്‌ട്ര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും പ്രതിരോധ മന്ത്രി അഭ്യർത്ഥിച്ചു.















