ന്യൂഡൽഹി: പൊതുബീച്ചുകളിലും നീന്തൽക്കുളങ്ങളിലും സ്ത്രീകൾ ശരീരം പൂർണമായും മറയ്‌ക്കുന്ന വസ്ത്രങ്ങൾ മാത്രം ധരിക്കണമെന്ന് പുതിയ ഉത്തരവുമായി സിറിയ. സിറിയയിലെ ഇടക്കാല സർക്കാരാണ് ഉത്തരവിറക്കിയത്. ബീച്ചുകളിലും സ്വിമ്മിംഗ്പൂളുകളിലും പോകുമ്പോൾ മുഖം, കൈകൾ, കാലുകൾ എന്നിവയൊഴികെ ശരീരം മുഴുവൻ മറയ്‌ക്കുന്ന ബൂർഖയോ പൂർണമായും കവർ ചെയ്യുന്ന മറ്റ് വസ്ത്രമോ ധരിക്കണം.
പൊതുജനസുരക്ഷ മുൻനിർത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. അയഞ്ഞ വസ്ത്രമായിരിക്കണം സ്ത്രീകൾ ധരിക്കേണ്ടത്. ഹോട്ടലുകൾ, നീന്തൽക്കുളങ്ങൾ എന്നിവിടങ്ങളിലും ബൂർഖ പോലെയുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നാണ് ഉത്തരവ്.
നിർദേശങ്ങൾ പാലിക്കാത്തവർക്ക് കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉത്തരവിൽ പറയുന്നു. ലൈഫ് ഗാർഡുകളും ബീച്ച് സൂപ്പർവൈസർമാരും വിനോദസഞ്ചാരികളെ നിരീക്ഷണമെന്നും നിർദേശലംഘനം ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അതേസമയം സ്വകാര്യ ബീച്ചുകൾ, സ്വിമ്മിഗ് പൂളുകൾ, ഹോട്ടലുകൾ എന്നിവർക്ക് ഉത്തരവ് ബാധകമല്ല. പൊതുബീച്ചുകളിൽ സ്ത്രീകൾ മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.















