വയനാട് കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്കേറ്റു.
പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്ക് പോകുന്ന സ്വകാര്യ ബസും തിരുനെല്ലി ഭാഗത്തു നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. മത്സരയോട്ടമാണോ അപകടകരണമെന്ന് സംശയമുണ്ട്.
കാട്ടിക്കുളം പ്രാഥമിക ആരോഗ്യത്തിലും ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി 61 പേർ ചികിത്സയിലുണ്ട്. 12 പേരെ കാട്ടിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും രണ്ട് കുട്ടികൾ ഉൾപ്പടെ 49 പേരെ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ പൊലീസും മോട്ടോർ വാഹനവകുപ്പും അന്വേഷണം നടത്തും.















