യുഎസ്-ഇറാന്‍ ആണവ കരാര്‍ ചര്‍ച്ചകള്‍ തൃശങ്കുവിലായതോടെ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. ഇരു രാജ്യങ്ങളും പരസ്പരം പോര്‍വിളി മുഴക്കിയതോടെ മിഡില്‍ ഈസ്റ്റില്‍ ഭൗമരാഷ്‌ട്രീയ സംഘര്‍ഷം ഉച്ചസ്ഥായിയിലെത്തി. ഇറാനെതിരെയുള്ള ഇസ്രയേലിന്റെ നീക്കവും സംഘര്‍ഷത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. അന്താരാഷ്‌ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 70 ഡോളര്‍ കടന്നു. ബുധനാഴ്ച 4.3% ഉയര്‍ച്ചയാണ് ക്രൂഡ് വിലയില്‍ ഉണ്ടായത്.
യുഎസ്-ഇറാന്‍ ആണവ കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന് തോന്നുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തങ്ങളെ ആക്രമിച്ചാല്‍ മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി പിന്നാലെ ഭീഷണി മുഴക്കി. മേഖലയില്‍ കപ്പല്‍ ഗതാഗതത്തെ സംഘര്‍ഷം ബാധിക്കുമെന്ന് യുകെ നാവികസേന മുന്നറിയിപ്പ് നല്‍കി. ഇറാനിലെ എംബസിയില്‍ നിന്ന് ആളുകളെ യുഎസ് തിരികെ വിളിച്ചു. ഏറ്റുമുട്ടലിലേക്കാണോ മിഡില്‍ ഈസ്റ്റ് പോകുന്നതെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.
ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ ഓഹരികളെയും സംഘര്‍ഷം ബാധിച്ചിട്ടുണ്ട്. വ്യാഴാഴ്ച എച്ച്പിസിഎലിന്റെ ഓഹരിവില 5.3% ഇടിഞ്ഞു. ബിപിസിഎലിന്റെ ഓഹരിവില 4.5 ശതമാനവും ഐഒസി ഓഹരിവില 1.56 ശതമാനവും താഴ്ന്നു. ക്രൂഡ് വില ഉയരുന്നത് എണ്ണക്കമ്പനികളുടെ ചെലവ് ഉയര്‍ത്തുകയും ലാഭം കുറയ്‌ക്കുകയും ചെയ്യുമെന്നതിനാലാണ് ഓഹരിവില താഴോട്ടു വീണത്. അതേസമയം എണ്ണപര്യവേക്ഷണ, ഖനന കമ്പനികളായ ഒഎന്‍ജിസി, ഓയില്‍ എന്നിവയുടെ ഓഹരിവില മൂന്ന് ശതമാനത്തോളം ഉയരുകയും ചെയ്തു.















