അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 133 കടന്നതായി റിപ്പോർട്ടുകൾ. അതേസമയം 170 പേരുടെ ജീവൻ പൊലിഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കാബിൻ ക്രൂവടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നിമിഷങ്ങൾക്കുള്ളിൽ വിമാനം അഗ്നിഗോളമാവുകയായിരുന്നു. ബിഎസ്എഫിന്റെ രണ്ടു സംഘവും 100 ലേറെ സിആർപിഎഫ് ജവാന്മാരും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
അതേസമയം വിമാനം തകർന്നു വീണത് ആശുപത്രി കെട്ടിടത്തിന് മുകളിലൂടെയായിരുന്നു. ഡോക്ടർമാരുടെ ഹോസ്റ്റൽ കെട്ടിടത്തിലാണ് വിമാനം പതിച്ചത് . ഇത് ഏറെക്കുറെ പൂർണമായി തകർന്നിട്ടുണ്ട്. 15 ഡോക്ടർമാർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്.
ഉച്ചയ്‌ക്ക 1.38 ഓടെയാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നു വീണത്. ടേക്ക് ഓഫ് പൂർത്തിയാക്കി രണ്ട് മിനിറ്റിനിടെയാണ് വിമാനം നിലംപതിച്ചത്. മതിലിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. കഷ്ടിച്ച് 825 അടി ഉയരത്തിൽ നിന്നാണ് വിമാനം വീണത്.
ശേഷം പെട്ടെന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടം നടക്കും മുൻപ് മേയ് ഡേ കോൾ( വിമാനം അപകടത്തിലാണെന്ന് മുന്നറിയിപ്പ്) എന്ന് സഹപൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മറുപടി ലഭിക്കും മുൻപ് വിമാനം കത്തിയമരുകയായിരുന്നു.















