മേഘാലയ: ഹണിമൂൺ യാത്രയ്‌ക്കിടെ യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. മുഖ്യപ്രതിയായ സോനവും കാമുകൻ രാജും മൂന്ന് തവണ രാജയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. വിവാഹത്തിന് 11 ദിവസം മുമ്പ് തന്നെ സോനവും പ്രതികളും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തിരുന്നെന്നാണ് കണ്ടെത്തൽ.
ഗുവാഹത്തിയിൽ വച്ചാണ് ആദ്യം കൊലപ്പെടുത്താൻ ശ്രമിച്ചത്. പിന്നീട് മേഘാലയയിലെ സൊഹ്റയിലും മറ്റൊരു ഗ്രാമത്തിലും വച്ച് കൊലപാതകശ്രമം നടന്നു. എന്നാൽ ഈ മൂന്ന് ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഷില്ലോംഗ് യാത്രയ്‌ക്കിടെ കൊലപ്പെടുത്താമെന്ന് സോനമാണ് ആവശ്യപ്പെട്ടത്.
ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രത്തിൽ ഇരുവരും ദർശനം നടത്തിയിരുന്നു. ഇവരെ പിന്തുടർന്ന് പ്രതികളും സ്ഥലത്തെത്തി. രാജ് കുശ്വാഹയുടെ നിർദേശപ്രകാരമാണ് പ്രതികൾ നീങ്ങിയത്. അതേസമയം, ഇതൊരു കരാർ കൊലപാതകം ആയിരുന്നില്ലെന്നും പ്രതിഫലം വാങ്ങാതെയാണ് പ്രതികൾ കൃത്യം നിർവ്വഹിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
രാജയെ കൊലപ്പെടുത്തി മലയിടുക്കിൽ തള്ളിയശേഷം സോനത്തിന്റെ രൂപസാദൃശ്യമുള്ള യുവതിയെയും കൊലപ്പെടുത്തി കത്തിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.















