ഛോട്ടാ മുംബൈ എന്ന പേര് സിനിമയ്‌ക്കിടാൻ തനിക്ക് താത്പര്യമില്ലായിരുന്നെന്ന് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. വർഷങ്ങൾക്ക് ശേഷം ഛോട്ടാ മുംബൈ റീറിലീസ് ചെയ്തതിന്റെ വിശേഷങ്ങൾ പങ്കുവക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരിച്ചത്.
ഛോട്ടാ മുംബൈ എന്ന പേരിനെ ഞാൻ എതിർത്തിരുന്നു. ഛോട്ടാ മുംബൈ എന്ന ടൈറ്റിൽ അൻവറിന്റെ മനസിൽ തുടക്കം മുതൽ തന്നെയുണ്ടായിരുന്നു. സിനിമയെ കുറിച്ച് ഞങ്ങളോട് സംസാരിക്കുന്ന സമയത്തും അദ്ദേഹം ആ പേര് പറഞ്ഞിരുന്നു.
നരസിംഹം, ദേവാസുരം സിനിമയൊക്കെ കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു. ഛോട്ടാ മുംബൈ എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർക്ക് വെറെ ഇമേജ് വരും. കുസൃതി നിറഞ്ഞ തമാശ കഥാപാത്രം പോലെയാണ് ലാലേട്ടൻ സിനിമയിൽ വരുന്നത്. പ്രതീക്ഷിച്ചത് പോലെ നടന്നില്ലെങ്കിൽ നമുക്ക് പണികിട്ടും. ഇത് ഞാൻ അൻവറിനോട് പറഞ്ഞിരുന്നു. ഛോട്ടാ മുംബൈ എന്ന് മിഠായി കളറിൽ എഴുതാമെന്നാണ് അദ്ദേഹം പറഞ്ഞത്.
വാസ്കോ എന്നോ വാസ്കോ ഡ ഗാമ എന്നോ ഇടാമെന്ന് ഞാൻ പറഞ്ഞു. അതുപോലെയുള്ള പല പേരുകളും ഞാൻ പറഞ്ഞുകൊടുത്തിരുന്നു. പക്ഷേ, അത് തന്നെ മതിയെന്ന് അൻവർ ഉറപ്പിച്ചുപറഞ്ഞു. അപ്പോഴും എനിക്ക് പേടിയുണ്ടായിരുന്നെന്ന് ബെന്നി പറഞ്ഞു.