ന്യൂഡൽഹി: കമൽഹാസൻ നായകനായ തഗ് ലൈഫ് എന്ന ചിത്രത്തിന്റെ പ്രദർശനം സംസ്ഥാനത്ത് നിരോധിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വെള്ളിയാഴ്ച കർണാടക സർക്കാരിന് നോട്ടീസ് അയച്ചു. ബെംഗളൂരു നിവാസിയായ എം. മഹേഷ് റെഡ്ഡി തന്റെ അഭിഭാഷകൻ എ. വേലൻ മുഖേനയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ഇതിൽ വാദം കേട്ട ശേഷം, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ രണ്ടംഗ അവധിക്കാല ബെഞ്ച് കർണാടക സംസ്ഥാന അധികാരികൾക്ക് നോടീസ് അയക്കുകയായിരുന്നു.
കർണാടകയിലുടനീളം സിനിമയുടെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രദർശനം ഉറപ്പാക്കാൻ ഉചിതമായ അധികാരികൾക്ക് സുപ്രീം കോടതിയിൽ നിന്ന് നിർദ്ദേശം നൽകണമെന്ന് പൊതുതാൽപ്പര്യ ഹർജിയിൽ എം. മഹേഷ് റെഡ്ഡി ആവശ്യപ്പെട്ടു.
ഭാഷാ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും സിനിമാ ഹാളുകൾ കത്തിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന തീവ്രവാദ ഘടകങ്ങൾക്ക് കർണാടക സർക്കാർ പൂർണ്ണമായും ‘കീഴടങ്ങി’ എന്ന് എ. വേലൻ വാദിച്ചു.
സിനിമയുടെ പ്രദർശനം നിരോധിക്കുന്നത് സിനിമാ തിയേറ്ററുകൾ കത്തിക്കുക, ഭാഷാ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വർഗീയ അക്രമത്തിന് പ്രേരിപ്പിക്കുക, തമിഴ് വിരുദ്ധ കലാപങ്ങൾ ആവർത്തിക്കാനുള്ള അപകടകരമായ ആഹ്വാനം നൽകുക, ഭയം പ്രചരിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഏകോപിതവും ആസൂത്രിതവുമായ പ്രചാരണത്തിനുള്ള മാർഗ്ഗമായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു.
“ഈ ഭീഷണി സംസാര സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും വ്യക്തമായ ലംഘനമാണ്. കൂടുതൽ ഗൗരവമായി പറഞ്ഞാൽ, ഇത് സംസ്ഥാനത്തിന്റെ മതേതര ഘടനയ്‌ക്കും പൊതു ക്രമത്തിനും നേരെയുള്ള ആസൂത്രിത ആക്രമണമാണ്,” ഹർജിയിൽ പറയുന്നു.
തഗ് ലൈഫ് ജൂൺ 5 ന് രാജ്യത്തെ വിവിധ സിനിമാ തിയേറ്ററുകളിൽ റിലീസ് ചെയ്തു. എന്നാൽ, കന്നഡ ഭാഷയെക്കുറിച്ചുള്ള നടന്റെ പരാമർശത്തെത്തുടർന്നുണ്ടായ വിവാദത്തെത്തുടർന്ന് ചിത്രം കർണാടകയിൽ റിലീസ് ചെയ്തിട്ടില്ല.
കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള കമൽഹാസന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദത്തെത്തുടർന്ന്, ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ഈ വിഷയത്തിൽ കർണാടക ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. കർണാടക ഹൈക്കോടതി കമൽഹാസനോട് മാപ്പ് പറയാൻ നിർദ്ദേശിച്ചു. എന്നാൽ നടൻ മാപ്പ് പറയാൻ വിസമ്മതിച്ചു. തുടർന്നാണ് കർണാടകയിൽ ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി മാറ്റിവച്ചത്.