മുംബൈ: നീറ്റ് യുജി പരീക്ഷാഫലത്തിൽ കൃത്രിമം കാണിച്ച് മാർക്ക് കൂട്ടാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. മുംബൈ സ്വദേശികളായ സന്ദീപ് ഷാ, സലിം പട്ടേൽ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ച് 90 ലക്ഷത്തോളം രൂപയാണ്
പ്രതികൾ തട്ടിയത്. നീറ്റ് പരീക്ഷയിൽ മാർക്ക് കൂട്ടാമെന്നായിരുന്നു പ്രതികളുടെ വാഗ്ദാനം.
ജൂൺ ഒമ്പതിനാണ് ഇരുവർക്കുമെതിരെ സിബിഐ കേസെടുത്തത്. ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നീറ്റ് പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മാർക്കിൽ മാറ്റം വരുത്താമെന്നാണ് പ്രതികൾ വിദ്യാർത്ഥികളോട് പറഞ്ഞത്.
ഓരോ വിദ്യാർത്ഥിയും 90 ലക്ഷം രൂപ നൽകണമെന്നാണ് പ്രതികൾ ആവശ്യപ്പെട്ടത്. ഫലപ്രഖ്യാപനത്തിന് ആറ് മണിക്കൂർ മുമ്പ് മാർക്ക് രക്ഷിതാക്കളുമായി പങ്കിടുമെന്നും പറഞ്ഞിരുന്നു. കേസിലെ മുഖ്യപ്രതിയാണ് സന്ദീപ് ഷാ. ഇയാളെ സഹായിച്ചതിനാണ് സലിം പട്ടേലിനെ അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇവരുടെ മൊബൈൽ ഫോണിൽ നിന്നും കണ്ടെടുത്തതായാണ് വിവരം.















