ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് നക്സലുകളെ വധിച്ച് സുരക്ഷാ സേന. മൂന്ന് വനിതാ നക്സലുകളെയും ഒരു പുരുഷനെയുമാണ് വധിച്ചത്. ഇവരിൽ നിന്ന് വൻ ആയുധ ശേഖരവും പിടിച്ചെടുത്തു. മേഖലയിൽ കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്.
2026 മാർച്ചോടെ ഇന്ത്യയിലെ നക്സൽ ഭീഷണി പൂർണമായും ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ബഹുമുഖ പദ്ധതികളുട ഭാഗമാണ് ഈ ഓപ്പറേഷൻ. ഇടതുപക്ഷ ഭീകരവാദത്തിനെതിരെ ഇന്ത്യ പതിറ്റാണ്ടുകളായി തുടരുന്ന പോരാട്ടം അവസാനഘട്ടത്തിലെത്തി നിൽക്കുകയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
മാവോയിസ്റ്റ് നേതൃത്വത്തിലെ നാല് പോളിറ്റ് ബ്യൂറോ അംഗങ്ങളും 18 കേന്ദ്ര കമ്മിറ്റി അംഗങ്ങളും മാത്രമേ സജീവമായി തുടരുന്നുള്ളു. ഇവരിൽ ഭൂരിഭാഗവതും ഒന്നുകിൽ ഒളിവിലോ അല്ലെങ്കിൽ ആക്രമണങ്ങൾക്ക് മുതിരാൻ കഴിയാത്തത്ര പ്രായാധിക്യമുള്ളവരോ ആണെന്നും ബസ്തർ ഐജി സുന്ദർരാജ് പട്ടലിംഗം പറഞ്ഞു.