തൃശൂർ: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അധികാര ദാർഷ്ട്യത്തിൽ യുവാവിന് നഷ്ടമായത് തന്റെ മാനസികാരാേഗ്യവും കുടുംബവും. മ്ലാവിറച്ചിയാണെന്ന് ആരോപിച്ച് വനംവകുപ്പ് പിടികൂടി 35 ദിവസം ജയിലിലടച്ച സുജീഷിന്റെ ജീവിതം ഇരുട്ടിലായിട്ട് മാസങ്ങളേറെയായി. തെറ്റ് ചെയ്യാതെ പ്രതിയായി, കേസ് തെളിയാതെ ജയിൽപ്പുള്ളിയായി. നിരപരാധിയായിട്ടും ജയിലിൽ കഴിയേണ്ടിവന്ന സാഹചര്യം വിവരിക്കുമ്പോൾ സുജീഷ് വിങ്ങിപ്പൊട്ടി.
പോത്തിറച്ചിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ അത് ചെവിക്കൊണ്ടില്ല. കാട്ടിറച്ചിയല്ലെന്ന് തെളിയിക്കാനാണ് ഏമാൻമാർ ആവശ്യപ്പെട്ടത്. ഒടുവിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് കുറ്റംസമ്മതിപ്പിച്ചു. പിന്നീട് ഇരിങ്ങാലക്കുട സബ്ജയിലിൽ 35 ദിവസത്തെ സഹവാസം.
തന്റെ ജോലിയും ജീവിതവുമെല്ലാം ഈ കേസിന്റെ പേരിൽ നഷ്ടപ്പെട്ടുവെന്നും മാനസികമായി തകർന്നുവെന്നും സുജീഷ് പ്രതികരിച്ചു. പലപ്പോഴും ആത്മഹത്യചെയ്യാൻ പോലും തോന്നി. ഉറക്കമില്ലാത്ത അവസ്ഥ വന്നതോടെ ചികിത്സ തേടേണ്ടിവന്നു. മക്കളെ ക്ലാസിലെ കുട്ടികൾ കളിയാക്കി. കേസിന് പിന്നാലെ ഭാര്യ പിണങ്ങിപ്പോയി. ചുമട്ടുത്തൊഴിലാളിയായിരുന്ന എന്നെ യൂണിയനിൽ നിന്നും പുറത്താക്കി. കാട്ടിറച്ചിയാണെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. താൻ കൊടുത്തത് ബീഫാണെന്ന് പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും യുവാവ് പറഞ്ഞു.
ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് സുജീഷ്. പണമില്ലാത്തവനെയും പാവപ്പെട്ടവനെയും ഏത് കേസിലും കുടുക്കാമെന്നാണ് ഉദ്യാേഗസ്ഥൻമാരുടെ വിചാരം. അധികാരം കൈയ്യിലുണ്ടെങ്കിൽ അതിന്റെ അഹങ്കാരം കാണിക്കാനുള്ളത് പാവങ്ങളോടാണെന്ന് വ്യക്തമാക്കുന്നതാണ് സുജീഷിന്റെ കേസ്. പാവപ്പെട്ടവനെ ദ്രോഹിക്കാതെ സത്യത്തിനൊപ്പവും നീതിക്കൊപ്പവും നിൽക്കാൻ ചില ഉദ്യോഗസ്ഥർ മടിക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് സമൂഹത്തിൽ നിന്ന് ഉയരുന്നത്.















