കന്നഡ സൂപ്പർഹിറ്റ് ചിത്രമായ കാന്താര രണ്ടിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം. ശിവമോഗ ജില്ലയിലെ മണി റിസർവോയറിലെ ചിത്രീകരണത്തിനിടെ ബോട്ട് മറിയുകയായിരുന്നു. നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും 30 ക്രു അംഗങ്ങളുമാണ് അപകടത്തിൽപെട്ടത്.
ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് ആഴം കുറഞ്ഞ സ്ഥലത്ത് മറിഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അതേസമയം ആർക്കും പരിക്കില്ലെന്നാണ് വിവരം. അപകടത്തിൽ വിലപിടിപ്പുള്ള ക്യാമറകളടക്കമുള്ള ഉപകരണങ്ങൾ റിസർവോയറിൽ മുങ്ങിപ്പോയി. ഇതിന്റെ നഷ്ടം കണക്കാക്കിയിട്ടില്ല.
തീർത്ഥഹള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിർണായക രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചിത്രവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നു പേർ മരിച്ചിരുന്നു. നേരത്തെയും ചില അപകടങ്ങളുണ്ടായിരുന്നു. മരിച്ചവരിൽ മലയാളി ജൂനിയർ ആർട്ടിസ്റ്റുകളും ഉൾപ്പെടുന്നു. അവസാനമായി കലാഭവൻ നിജു എന്ന ആർട്ടിസ്റ്റാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 43 വയസായിരുന്നു.















