ലിമസോൾ: ഇന്ത്യ-സൈപ്രസ് സിഇഒ ഫോറത്തിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയും വിശാലമായ സാധ്യതകളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്നും ഉടൻ തന്നെ മൂന്നാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയാകാനുള്ള പാതയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകമെമ്പാടുമുള്ള ഡിജിറ്റൽ ഇടപാടുകളുടെ 50 ശതമാനവും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയാണ് നടക്കുന്നത്, ഇതിലൂടെ ഇന്ത്യ ഒരു സുപ്രധാന ഡിജിറ്റൽ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ പരിവർത്തനം രാജ്യത്തിന് ഒരു ഗെയിം-ചേഞ്ചർ ആണെന്നും ഇത് സാമ്പത്തിക നവീകരണം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ആറു പതിറ്റാണ്ടുകൾക്ക് ശേഷമാണ് തുടർച്ചയായ മൂന്നാം തവണയും ഒരേ സർക്കാർ തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഒരു ഡിജിറ്റൽ വിപ്ലവം ഉണ്ടായിട്ടുണ്ട്. ഇന്ന്, ലോകത്തിലെ ഡിജിറ്റൽ ഇടപാടുകളുടെ 50 ശതമാനവും ഇന്ത്യയിൽ നടക്കുന്നത് ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ്, അതായത് യുപിഐ വഴിയാണ്,” പ്രധാനമന്ത്രി പറഞ്ഞു. ഫ്രാൻസിന് സമാനമായി സൈപ്രസിനെയും യുപിഐയിൽ ഉൾപ്പെടുത്താനുള്ള ചർച്ചകളെ അദ്ദേഹം സ്വാഗതം ചെയ്തു.
പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിന്റെ ക്ഷണപ്രകാരം, ജൂൺ 15 മുതൽ 16 വരെ സൈപ്രസിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തുകയാണ് പ്രധാനമന്ത്രി. ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സൈപ്രസിലെത്തുന്നത്.















