ഒട്ടാവ: ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾക്കിടയിൽ 51-ാമത് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെ കാൽഗറിയിൽ വിമാനമിറങ്ങി. ആൽബെർട്ടയിലെ കനനാസ്കിസിലാണ് ഉച്ചകോടി നടക്കുന്നത്. 23 മണിക്കൂർ നീണ്ടുനിൽക്കുന്ന കാനഡ സന്ദർശനത്തിനിടെ, മോദി ചൊവ്വാഴ്ച നടക്കുന്ന ജി7 ഔട്ട്റീച്ച് സെഷനെ അഭിസംബോധന ചെയ്യുകയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായും ജി 7 രാജ്യങ്ങളിലെയും അതിഥി രാജ്യങ്ങളിലെയും നിരവധി നേതാക്കളുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.
മെയ് മാസത്തിൽ പാകിസ്ഥാനിൽ നടത്തിയ ഭീകരവിരുദ്ധ ദൗത്യമായ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉച്ചകോടിയാണിത്. വിവിധ ആഗോള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുന്നതിനും ഗ്ലോബൽ സൗത്തിന്റെ മുൻഗണനകളെക്കുറിച്ച് വിശദീകരിക്കുന്നതിനും ജി 7 വേദി നൽകുമെന്ന് കാനഡയിലേക്ക് തിരിക്കുന്നതിന് മുൻപ് നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞു.
2015 ന് ശേഷമുള്ള മോദിയുടെ ആദ്യ കാനഡ സന്ദർശനമാണിത്, ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ സന്ദർശനവും. ഖാലിസ്ഥാൻ തീവ്രവാദ വിഷയവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര,ഉഭയകക്ഷി ബന്ധങ്ങളിൽ കാര്യമായ വിള്ളൽ വീണിരുന്നു. കാർണി അധികാരത്തിലെത്തിയതോടെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങൾ പുതുക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഉച്ചകോടിക്ക് ശേഷം, ചൊവ്വാഴ്ച വൈകുന്നേരം പ്രധാനമന്ത്രി ക്രൊയേഷ്യയിലെ സാഗ്രെബിലേക്ക് പോകും.















